വാരാണസി : പകലത്തെ തിരക്കു നിറഞ്ഞ പരിപാടിക്കു ശേഷം അര്‍ധരാത്രിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ വീണ്ടുമെത്തി. മുഖ്യമന്ത്രി യോഗി ആദിതനാഥിനൊപ്പമാണ് മോദി വാരാണസിയിലും ബനാറസ് റെയില്‍വേ സ്‌റ്റേഷനിലുമെത്തിയത്. കാശി ധാം ഇടനാഴി ഉദ്ഘാടനത്തിനു ശേഷം രാത്രി ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം ചേര്‍ന്നിരുന്നു. ഇത് അര്‍ധരാത്രി വരെ നീണ്ടു. ഇതിനു ശേഷമാണ് യോഗിയേയും കൂട്ടി മോദി നിരത്തിലേക്ക് ഇറങ്ങിയത്. യോഗിക്കൊപ്പം ക്ഷേത്രനഗരിയിലൂടെ നടക്കുന്ന ചിത്രങ്ങള്‍ മോദി ട്വീറ്റ് ചെയ്തു.
പകല്‍ സമയത്തെ പരിപാടികളില്‍ മോദി മാത്രമാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെങ്കില്‍ രാത്രി യോഗിയേയും ഒപ്പം കൂട്ടിയിരുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നരേന്ദ്ര മോദി തന്നെയാവും മുന്നില്‍നിന്നു നയിക്കുക എന്നതിന്റെ സൂചന നല്‍കുന്നതായിരുന്നു പകല്‍ സമയത്തെ പരിപാടികള്‍. എന്നാല്‍ പ്രധാനമന്ത്രിയുടെ പൂര്‍ണ പിന്തുണയും യോഗിക്കുണ്ടെന്ന് ഉറപ്പിക്കുന്ന തരത്തിലാണ് രാത്രി ചിത്രങ്ങള്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.