ഡല്‍ഹി : മൊറട്ടോറിയം കാലത്ത് അടയ്ക്കാത്ത വായ്പാ ഗഡുവിന് കൂട്ടുപലിശ ഒഴിവാക്കി നല്‍കാനാവില്ലെന്നു കേന്ദ്രം. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കൂട്ടുപലിശ ഒഴിവാക്കുന്നതു സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. രണ്ടോ മുന്നോ ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കൂട്ടുപലിശ ഒഴിവാക്കുന്നതിനെ സര്‍ക്കാര്‍ അനുകൂലിക്കുന്നില്ലെന്നാണ് ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ബാങ്കുകളുമായി ധനമന്ത്രാലയം ഇതിനകം തന്നെ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. കൂട്ടുപലിശ ഒഴിവാക്കുന്നത് ധനസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ബാങ്കുകളുടെ നിലപാട്. ധനമന്ത്രാലയത്തിനും ഇതേ അഭിപ്രായമാണുള്ളത്. ഒരു ബിസിനസിനെ താങ്ങിനിര്‍ത്തുന്നതിന് നമുക്ക് മറ്റൊരു ബിസിനസിനെ ദുര്‍ബലപ്പെടുത്താനാവില്ല’- ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ‘കൂട്ടുപലിശ ഒഴിവാക്കുന്നതിനെ രാജീവ് മെഹര്‍ഷി സമിതിയും അനുകൂലിക്കുന്നില്ല. കൂട്ടുപലിശ ഒഴീക്കുന്നത് ബാങ്കുകളുടെ സ്ഥിതി പരിതാപകരമാക്കും. സര്‍ക്കാരിനു വേണമെങ്കില്‍ ആ ബാധ്യത ഏറ്റെടുക്കാം. അതുവഴി ബാങ്കുകളെയും വായ്പയെടുത്തവരെയും ബാധ്യതയില്‍നിന്ന് മുക്തരാക്കാം. എന്നാല്‍ ഇപ്പോഴത്തെ ധനസ്ഥിതി വെച്ച് അത് നല്ലൊരു സാധ്യതയല്ല’- ഉദ്യോഗസ്ഥര്‍ പറയുന്നു.
കൂട്ടുപലിശ നിര്‍ബന്ധപൂര്‍വം ഒഴിവാക്കുന്നതിനോടു യോജിക്കാനാവില്ലെന്ന് ആര്‍ബിഐ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ആര്‍ബിഐയുടെ അഭിപ്രായത്തോട് യോജിക്കുന്നതായി കേന്ദ്രവും നിലപാടെടുത്തു. എന്നാല്‍ എല്ലാം ആര്‍ബിഐയ്ക്കു വിടാതെ കേന്ദ്രം ഇക്കാര്യത്തില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കാത്തത് എന്ത് എന്നായിരുന്നു കോടതിയുടെ പ്രതികരണം. മൊറട്ടോറിയം കാലത്ത് നീട്ടിവയ്ക്കുന്ന വായ്പാ ഗഡുവിന് പിഴപ്പലിശ ഈക്കുന്നത് മൊറട്ടോറിയത്തിന്റെ ലക്ഷ്യത്തിനു തന്നെ വിരുദ്ധമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.