കൊല്ലം: രണ്ട് വര്‍ഷം മുമ്പ് കാണാതായ ഏരൂര്‍ സ്വദേശിയെ സഹോദരനും അമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് സൂചന. കൊല്ലത്ത് ഏരൂരിലാണ് ദൃശ്യം സിനിമയിലേതിന് സമാനമായ സംഭവം ഉണ്ടായിരിക്കുന്നത്. ഏരൂര്‍ സ്വദേശിയായ ഷാജി പീറ്റര്‍ (44)നെയാണ് അനുജന്‍ സജിന്‍ പീറ്റര്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരന്‍ സജിന്‍ പീറ്ററും ഭാര്യ ആര്യയും അമ്മ പൊന്നമ്മയും പോലീസ് കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യലില്‍ ഷാജിയുടെ സഹോദരന്‍ സജിന്‍ ഇയാളെ കൊലപ്പെടുത്തി കിണറ്റിന്‍കരയില്‍ കുഴിച്ചിട്ടതായി സമ്മതിച്ചു.
പത്തനംതിട്ട ഡിവൈ.എസ്.പിക്ക് ലഭിച്ച നിര്‍ണായകമായ വിവരമാണ് കേസ് വീണ്ടും അന്വേഷിക്കാനിടയായത്. ഡിവൈ.എസ്.പി ഓഫീസിലെത്തിയ ഒരു മദ്യപന്‍ ഷാജി പീറ്റര്‍ സ്വപ്‌നത്തില്‍ വന്ന് തന്റെ മരണത്തില്‍ വേണ്ടപോലെ പോലീസ് അന്വേഷണം നടക്കുന്നില്ലെന്നും ബന്ധുക്കള്‍ക്ക് തന്നോട് സ്‌നേഹമില്ലെന്നും പറഞ്ഞതായി മൊഴി നല്‍കി. ഒരിക്കല്‍ ഏരൂരിലെ വീട്ടിലെത്തിയപ്പോള്‍ ഷാജിയും സഹോദരനും തമ്മിലുള്ള തര്‍ക്കം നേരില്‍ കേട്ടെന്നും ഇത്രയും കാലം രഹസ്യമായി കൊണ്ടു നടക്കുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പുനലൂര്‍ ഡിവൈ.എസ്.പിക്ക് ഈ വിവരം കൈമാറി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഏരൂര്‍ എസ് ഐ ഇന്ന് ഷാജിയുടെ സഹോദരന്‍ സജിന്‍, അമ്മ എന്നിവരെ ചോദ്യം ചെയ്‌തപ്പോഴാണ് വിവരം സത്യമാണെന്ന് അറിഞ്ഞത്.
സജിന്റെ ഭാര്യയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഷാജിയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി വീടിന് സമീപത്തെ കിണറിനടുത്ത് കുഴിച്ചിട്ടെന്നാണ് സജിന്റെ മൊഴി. സ്ഥലം ആര്‍ഡിഒയും ഫോറന്‍സിക് ടീമിനും അസൗകര്യമായതിനാല്‍ മൃതദേഹം ഇന്ന് പുറത്തെടുക്കില്ല. നാളെ മൃതദേഹം പുറത്തെടുത്ത് പരിശോധനകളും അന്വേഷണവും നടത്തുമെന്ന് ഏരൂര്‍ പോലീസ് അറിയിച്ചു.
വീട്ടില്‍നിന്ന് അകന്നു കഴിയുകയായിരുന്നു അവിവാഹിതനായ ഷാജി പീറ്റര്‍. 2018-ലെ ഓണക്കാലത്താണ് ഇയാള്‍ കുടുംബവീട്ടില്‍ മടങ്ങിയെത്തിയത്. ഇതിനിടെ സജിന്‍ പീറ്ററിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നും തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സജിന്‍ പീറ്റര്‍ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം. മരിച്ചെന്ന് ഉറപ്പായതോടെ അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ വീടിനടുത്ത പറമ്പില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു.
സംഭവത്തില്‍ സജിന്‍ പീറ്റര്‍, അമ്മ , ഭാര്യ എന്നിവരെ ഏരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. ഇതിനുശേഷം മാത്രമേ കേസുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിടുകയുള്ളൂ.