കൊടുങ്ങല്ലൂര്‍: കാറ്റിലും മഴയിലും വൈദ്യുതി നിലച്ച് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ പ്രവര്‍ത്തിക്കാതായതോടെ മകളും, മകളുടെ വേര്‍പാടിന്റെ ആഘാതത്തില്‍ അമ്മയും മരിച്ചു. തൃശൂര്‍ മതിലകത്താണ് ദാരുണ സംഭവം.
റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരന്‍ മതിലകം വെസ്റ്റ് തോട്ടുപുറത്ത് ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രീതി (49), മകള്‍ ഉണ്ണിമായ (27) എന്നിവരാണ് ഒരേ രാത്രിയില്‍ അടുത്തടുത്ത് അന്ത്യയാത്രയായത്. കാട്ടൂര്‍ പൊഞ്ഞനം കോമരത്ത് ലാലിന്റെ ഭാര്യയായ ഉണ്ണിമായക്ക് ഹൃദയവാല്‍വിന് തകരാര്‍ ഉണ്ട്. ഇതിനെത്തുടര്‍ന്ന് ഇടക്കിടെ ശ്വസനതടസ്സവും ഉണ്ടാകാറുണ്ട്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററിന്റെ സഹായത്തോടെയാണ് രോഗം മൂര്‍ശ്ചിക്കുമ്പോള്‍ ആശ്വാസം കണ്ടെത്തുന്നത്. വെള്ളിയാഴ്ച രാത്രി 11.30ഓടെ ഉണ്ടായ കാറ്റിലും മഴയിലും വൈദ്യുതി നിലച്ചു. ഇതോടെ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ പ്രവര്‍ത്തനരഹിതമായി. തുടര്‍ന്ന് ഓക്സിജന്‍ കിട്ടാതെ ഉണ്ണിമായ അവശയാകുകയായിരുന്നു.
ഉടന്‍ സമീപവാസികള്‍ ആംബുലന്‍സ് വരുത്തി സി.കെ.വളവ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. മകളുടെ മരണ വിവരം അറിയിക്കാതെ കൂടെയുണ്ടായിരുന്ന സമീപവാസികള്‍ അമ്മ പ്രീതിയെ വീട്ടിലെത്തിക്കുകയായിരുന്നു. പിറകെ മകളുടെ ചേതനയറ്റ ശരീരവും ആംബുലന്‍സില്‍ കൊണ്ടുവന്നു. ഇതോടെ തളര്‍ന്നുവീണ് ഗുരുതരാവസ്ഥയിലായ പ്രീതിയെ ഇതേ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.