കോന്നി : രണ്ട് ജില്ലകളിലാണെങ്കിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളായി മത്സരിക്കുകയാണ് ഗീത തുളസീധരനും മകൾ അമൃത സജയനും. ഇടുക്കി ജില്ലയിലെ അറക്കുളം ഗ്രാമ പഞ്ചായത്തിലേക്ക് ഇടതുമുന്നണി സ്ഥാനാർത്ഥിയായി ഗീത തുളസീധരൻ മത്സരിക്കുമ്പോൾ അയൽ ജില്ലയായ പത്തനംതിട്ടയിൽ പ്രമാടം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് തെങ്ങുംകാവിലാണ് മകൾ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി കന്നിയങ്കം കുറിക്കുന്നത്.
അമ്മയുടെ രാഷ്ട്രീയ ജീവിതവും പ്രവർത്തനങ്ങളും അമൃതക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കൂടുതൽ പ്രചോദനം നൽകുന്നുണ്ട്. വർഷങ്ങൾ ജനപ്രതിനിധിയായി പ്രവർത്തിച്ച അമ്മയുടെ മാർഗ നിർദേശങ്ങൾ വലിയ പിന്തുണയാണ് അമൃതക്ക് നൽകുന്നത്. അതുകൊണ്ടുതന്നെ കന്നിയങ്കത്തിനിറങ്ങുന്ന സ്ഥാനാർത്ഥിയുടെ പരിഭ്രമവും ബുദ്ധിമുട്ടുകളുമൊന്നും അമൃത നേരിടുന്നില്ല.
ഇരുപത് വർഷമായി അമ്മ ഗീത ജനപ്രതിനിധിയായി പൊതുപ്രവർത്തന രംഗത്ത് സജീവമാണ്. അറക്കുളം ഗ്രാമ പഞ്ചായത്ത് അംഗം, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, തടിയമ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം, എന്നീ നിലകളിൽ ഗീത തുളസീധരൻ പ്രവർത്തിച്ചിട്ടുണ്ട്. 2008 ലാണ് അമൃത സജയൻ ഇടുക്കിയിൽ നിന്ന് വിവാഹം ചെയ്ത് പ്രമാടം ഗ്രാമ പഞ്ചായത്തിലേക്ക് എത്തുന്നത്. അന്ന് മുതൽ ജനങ്ങളുമായി മികച്ച സൗഹൃദം പുലർത്തുന്ന ആളാണ് അമൃത.