ചെങ്ങന്നൂർ : കൊവിഡ് മഹാമാരിയിലും സാക്ഷരതാ മിഷന്‍റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതി അമ്മയും മകളും. ചെങ്ങന്നൂർ കീഴ്ച്ചേരിമേൽ മോടിയുഴത്തിൽ കിഴക്കേതിൽ രാധാമണി എം.റ്റി (61) മകൾ സുനിത എം.ആർ (35) എന്നിവരാണ് ഇന്നലെ പന്ത്രണ്ടാം ക്ലാസ് തുല്യതാ പരീക്ഷ പൂർത്തിയാക്കിയത്. മാവേലിക്കര ഗവ. ഗേൾസ് എച്ച്.എസ്.എസിലായിരുന്നു ഇരുവരുടേയും പരീക്ഷ.
ആഗസ്റ്റ് 26 ന് ആരംഭിച്ച പരീക്ഷ 31നാണ് അവസാനിച്ചത് ഹ്യൂമാനിറ്റീസ് കൊമേഴ്സ് എന്നീ വിഭാഗങ്ങളിലാണ് ഇവിടെ പരീക്ഷ നടന്നത്. അമ്മയും മകളും ഹ്യൂമാനിറ്റീസ് വിഭാഗമാണ് പഠിച്ച് പരീക്ഷ എഴുതിയത്. ഓരോ വിഭാഗത്തിനും ആറ് വിഷയങ്ങളിലാണ് പരീക്ഷ നടന്നത്. എല്ലാ ദിവസവും രാവിലെ 10 മുതൽ 12.45 വരെയായിരുന്നു പരീക്ഷ. ശനിയാഴ്ച സമ്പൂർണ്ണ ലോക് ഡൗൺ ആയിരുന്നതിനാൽ ഓട്ടോറിക്ഷയിലാണ് പരീക്ഷാ കേന്ദ്രത്തിൽ എത്തിയത്.
ചെങ്ങന്നൂർ ബ്ലോക്ക്, ജി.എച്ച്.എസ്.എസ് പുലിയൂർ ഹയർ സെക്കൻണ്ടറി സ്കൂളിൽ പത്താം ക്ലാസ് മുതൽ ഒരുമിച്ചായിരുന്നു ഇവർ പഠനം പൂർത്തിയാക്കിയത്. പത്താം ക്ലാസിൽ നേടിയ മികച്ച വിജയമാണ് പ്ലസ് ടു എഴുതാൻ പ്രചോദനമായതെന്ന് രാധാമണി പറഞ്ഞു. സാക്ഷരതാ മിഷനോടും പുലിയൂരിലെ അദ്ധ്യാപകരോടും നന്ദി അറിയിക്കുന്നതായും രാധാമണിയും മകൾ സുനിതയും പറഞ്ഞു.