യുപി: ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നാല് വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. പിങ്കി എന്ന യുവതിയാണ് മരിച്ചത്. പിങ്കിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലും കുഞ്ഞിനെ വീട്ടിലെ തറയില്‍ ജീവനറ്റനിലയിലുമാണ് കണ്ടെത്തിയത്. പിങ്കിയുടെ ഭര്‍ത്താവ് രഞ്ജിത്ത് കുമാര്‍ ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കായ് ഗുജറാത്തിലാണ്. കഴിഞ്ഞ ദിവസം കുഞ്ഞുമായി ഉറങ്ങാന്‍ മുറിയില്‍ കയറിയ യുവതിയെയും കുഞ്ഞിനെയും ഏറെ വൈകിയിട്ടും മുറിക്ക് പുറത്തുകാണാതായി. തുടര്‍ന്ന് ബന്ധുക്കള്‍ വാതില്‍ തള്ളിത്തുറന്നതോടെയാണ് മരണ വിവരം അറിയുന്നത്.
ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ പിങ്കിയെ പീഡിപ്പിക്കുമായിരുന്നെന്നാണ് യുവതിയുടെ കുടുംബം പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. ഭര്‍തൃവീട്ടില്‍ നേരിടുന്ന പീഡനത്തെ തുടര്‍ന്ന് പിങ്കിയും ഭര്‍ത്താവും തമ്മില്‍ നിരന്തരം വാക്കുതര്‍ക്കമുണ്ടാകാറുണ്ടായിരുന്നെന്നാണ് വിവരം. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ പോലീസില്‍ കേസെടുത്തു അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ട റിപോര്‍ട്ട് പുറത്തുവന്നതിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു എന്ന് പോലീസ് വ്യക്തമാക്കി.