ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടറോള തങ്ങളുടെ ജി സീരീസിൽ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. മോട്ടോ ജി84 5ജി (Moto G84 5G) എന്ന ഫോണാണ് കമ്പനി ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തത്. ഒരു സ്റ്റോറേജ് വേരിയന്റിലും മൂന്ന് കളർ വേരിയന്റിലുമാണ് ഈ ഡിവൈസ് ലഭ്യമാകുന്നത്. മോട്ടോ ജി73 5ജി സ്മാർട്ട്ഫോണിന്റെ പിൻഗാമിയായിട്ടാണ് മോട്ടോ ജി84 5ജി വരുന്നത്. 20,000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന ഫോണുകളുമായി മത്സരിക്കാൻ പോന്ന സവിശേഷതകളും മോട്ടറോളയുടെ പുതിയ ഫോണിലുണ്ട്.
മോട്ടോ ജി84 5ജി സ്മാർട്ട്ഫോൺ ക്വാൽകോം സ്നാപ്ഡ്രാഗൺ 695 എസ്ഒസി ചിപ്പ്സെറ്റുമായി വരുന്നു. 33W വയേഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണുള്ളത്. 6.55-ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്പ്ലെ, ആൻഡ്രോയിഡ് 13 ഒഎസ്, 50 എംപി പ്രൈമറി ക്യാമറയുള്ള ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പ്, ഇൻഡിസ്പ്ലെ ഫിങ്കർപ്രിന്റ് സെൻസർ എന്നിങ്ങനെയുള്ള സവിശേഷതകളെല്ലാം മോട്ടോ ജി84 5ജിയിലുണ്ട്. വെഗൺ ലെതർ ഫിനിഷുള്ള വിവ മജന്ത, മാർഷ്മാലോ ബ്ലൂ കളർ ഓപ്ഷനുകളിലും 3ഡി അക്രിലിക് ഗ്ലാസ് ഫിനിഷുള്ള മിഡ്നൈറ്റ് ബ്ലൂ കളർ ഓപ്ഷനിലും ഫോൺ ലഭിക്കും.
മോട്ടോ ജി84 5ജി സ്മാർട്ട്ഫോണിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് ഇന്ത്യയിൽ 19,999 രൂപയാണ് വില. ഈ ഡിവൈസ് ഒരു വേരിയന്റിൽ മാത്രമാണ് നിലവിൽ അവതരിപ്പിച്ചിരിക്കുന്നത്. ഫോൺ വാങ്ങാനായി ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 1,000 രൂപ കിഴിവ് ലഭിക്കും. ഫ്ലിപ്പ്കാർട്ട് എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 1,000 രൂപ കിഴിവും ലഭ്യമാണ്. ഇതോടെ ഫോണിന്റെ വില 18,999 രൂപയായി കുറയുന്നു. സെപ്റ്റംബർ 8ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്. മോട്ടോ ജി84 5ജി സ്മാർട്ട്ഫോണിൽ 6.55-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (2400 x 1080 പിക്‌സൽസ്) പോൾഇഡി ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120Hz റിഫ്രഷ് റേറ്റും 1300 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസുമുണ്ട്. 12 ജിബി റാമും 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമായി വരുന്ന ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 എസ്ഒസിയാണ്.
ആൻഡ്രോയിഡ് 13 ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഒരു വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി നൽകും. രണ്ട് പിൻക്യാമറകളുമായിട്ടാണ് മോട്ടോ ജി84 5ജി സ്മാർട്ട്ഫോൺ വരുന്നത്. ഈ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റിൽ 50 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ സെൻസറുമാണുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിൽ 16 മെഗാപിക്സൽ സെൻസർ നൽകിയിട്ടുണ്ട്. മികച്ച ക്യാമറ യൂണിറ്റ് തന്നെയാണ് ഈ ഡിവൈസിൽ മോട്ടറോള നൽകിയിട്ടുള്ളത്. ക്യാമറ ആപ്പിൽ നിരവധി ഓപ്ഷനുകളും നൽകുന്നുണ്ട്.
33W വയേഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് മോട്ടോ ജി84 5ജി സ്മാർട്ട്ഫോണിലുള്ളത്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിനായി ഐപി54 റേറ്റിങ്ങും ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്. 5ജി, ജിപിഎസ്, ബ്ലൂടൂത്ത്, എൻഎഫ്സി, യുഎസ്ബി ടൈപ്പ് സി കണക്റ്റിവിറ്റി എന്നിവയും മോട്ടോ ജി84 5ജി സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുണ്ട്.