പത്തനംതിട്ട : ദേശീയപാതാ നിർമാണത്തിനായി സാധനങ്ങളെത്തിക്കാൻ വ്യാജ നമ്പർപ്ലേറ്റുമായി ഓടിയ ട്രെയ്‌ലർ മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയിൽ പിടികൂടി. ഒരാഴ്ച മുൻപു നടന്ന പരിശോധനയിൽ ഇത്തരം 4 വാഹനങ്ങൾക്ക് മതിയായ രേഖകളില്ലെന്നു കണ്ടെത്തിയിരുന്നു. ഇന്നലെ 1.85 ലക്ഷം രൂപ പിഴ ഈടാക്കി. നികുതിവെട്ടിക്കുന്നതിനാണ് മതിയായ രേഖകളില്ലാതെ ഈ വാഹനങ്ങൾ ഓടുന്നതെന്ന് എംവിഡി ഉദ്യോഗസ്ഥർ പറഞ്ഞു. ആലപ്പുഴ ചേർത്തലയിലേക്കു നിർമാണ സാമഗ്രികളുമായി പോയ ട്രെയ്‌ലറാണ് ഇന്നലെ രാവിലെ 11.30നു പത്തനംതിട്ട മൈലപ്രയ്ക്കു സമീപം പരിശോധിച്ചത്.
കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ ആന്ധ്രയിലെ ചില വാഹനങ്ങൾക്കു ഫിറ്റ്നസ് സർട്ടിഫിക്കറ്റും കേരളത്തിൽ ഓടാനുള്ള പെർമിറ്റുമില്ലെന്നു കണ്ടെത്തിയിരുന്നു. ഇന്നലത്തെ പരിശോധനയിൽ രേഖകൾ ശരിയെന്നു കണ്ടെങ്കിലും ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് ഇല്ലെന്നു കണ്ടെത്തി. ഇതോടെ ഷാസി നമ്പർ പരിശോധിച്ചു. രജിഷ്ട്രേഷൻ നമ്പരുമായി വ്യത്യാസം കണ്ടെത്തി. വിവരങ്ങൾ കിട്ടിയതോടെ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. കരാർ കമ്പനിയുടെ മറ്റൊരു വാഹനത്തിന്റെ രജിസ്ട്രേഷൻ ഉപയോഗിച്ചാണ് ഇതും ഓടിയത്. അമിതഭാരം കയറ്റിയതിനും ഫിറ്റ്നസ്, ടാക്സ് തുടങ്ങിയവ ഇല്ലാത്തതിനും ചേർത്താണ് 1.85 ലക്ഷം പിഴ ഈടാക്കിയത്.
0