കണ്ണൂർ: കാറിൽ യാത്ര ചെയ്തയാൾക്ക് ബൈക്കിലെ നിയമലംഘനത്തിനുളള നോട്ടീസ് അയച്ച് മോട്ടോർ വാഹന വകുപ്പ്. കണ്ണൂർ പാനൂരിലെ സുരേന്ദ്രനാണ് 5500 രൂപ പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള മോട്ടർ വാഹന വകുപ്പിന്‍റെ നോട്ടീസ് കഴിഞ്ഞ ദിവസം ലഭിച്ചത്. മോട്ടോർ വാഹന വകുപ്പിന്റെ നടപടിയെ നിയമപരമായി തന്നെ നേരിടുമെന്ന് സുരേന്ദ്രൻ ഒരു ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. കണ്ണൂർ സർവകലാശാലയിലടക്കം ഉദ്യോഗസ്ഥനായിരുന്ന എം.സുരേന്ദ്രൻ കുടുംബസമേതം കഴിഞ്ഞ മാസം 27 നാണ് കാർ ഓടിച്ച് വയനാട്ടിലേക്ക് യാത്ര പോയത്. എന്നാൽ കഴിഞ്ഞ ദിവസം സുരേന്ദ്രന് മോട്ടോർ വാഹന വകുപ്പിൽ നിന്ന് ഒരു പിഴ നോട്ടീസ് ലഭിച്ചു.
ബൈക്കിന്റെ പിൻസീറ്റിൽ ഇരുന്നയാൾ ഹെൽമെറ്റ് ധരിക്കാത്തതിന് അഞ്ഞൂറ് രൂപയും ബൈക്ക് രൂപമാറ്റം വരുത്തിയതിന് 5000 രൂപയുമടക്കം 5500 രൂപ പിഴ അടയ്ക്കണമെന്നായിരുന്നു നോട്ടീസ്. ഒരു മോട്ടോർ ബൈക്കിന്റെ ചിത്രവുമടക്കം വയനാട് നെന്മേനിയിൽ വച്ച് നിയമലംഘനം നടന്നുവെന്നാണ് നോട്ടീസിൽ പറയുന്നത്. അതേ സമയം സുരേന്ദ്രന് സ്വന്തമായി ബൈക്കോ, ബൈക്ക് ഓടിക്കാനുള്ള ലൈസൻസോ ഇല്ല. പിഴ നോട്ടീസിൽ പേരും വണ്ടി നമ്പരും മേൽ വിലാസവും സുരേന്ദ്രന്റെതാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. നേരിട്ടുള്ള പരിശോധനയിൽ റജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തിയപ്പോൾ ഒരു അക്കത്തിൽ വന്ന തെറ്റാണ് ഉടമ മാറാൻ കാരണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിശദീകരണം.