പത്തനംതിട്ട : ഞായറാഴ്ചകളിലും സ്‌കൂളില്‍പോകാന്‍ വാശിപിടിക്കുന്ന ഒരുകൂട്ടം കുട്ടികളുണ്ട് മലയാലപ്പുഴ പഞ്ചായത്തില്‍. വേറിട്ടകഴിവുകളുടെ ലോകം സ്വന്തമായുള്ള ഭിന്നശേഷി കൂട്ടുകാരാണിവര്‍. പഞ്ചായത്തിന്റെ ബഡ്സ് സ്‌കൂളിന്റെ കരുതല്‍ തണലാണ് കുട്ടികള്‍ അനുഭവിച്ചറിയുന്നത്. ശാസ്ത്രീയമായ പരിചരണവും പരിശീലനവും നല്‍കിയാണ് കുട്ടികളുടെ സംരക്ഷണചുമതല ഇവിടെ നിര്‍വഹിക്കുന്നത്. കാഞ്ഞിരപ്പാറയിലുള്ള പഞ്ചായത്ത് കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിന്‍ഡ്രോം, ഇന്റലെക്ച്വല്‍ ഡിസബിലിറ്റി തുടങ്ങി മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന ആറു മുതല്‍ 33 വയസുവരെ പ്രായമായ 40 വിദ്യാര്‍ഥികള്‍ ഇവിടെയുണ്ട്. കുട്ടികള്‍ക്ക് വീടുകളില്‍നിന്നും വിദ്യാലയത്തില്‍ എത്താന്‍ വാഹന സൗകര്യവും പ്രഭാതഭക്ഷണവും ഉച്ചയൂണും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. അധ്യാപിക എ. ബി. ആര്യക്കൊപ്പം കുട്ടികളുടെ പരിപാലനത്തിനായി ആയയെയും നിയമിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒമ്പത് മുതല്‍ മൂന്ന് വരെയാണ് പ്രവര്‍ത്തന സമയം.
സ്പീച് തെറാപ്പി, ഒക്കുപേഷണല്‍ തെറാപ്പി, അഗ്രി തെറാപ്പി എന്നീ ചികിത്സകളും ഐറോബിക് വ്യായാമ മുറകളും പരിശീലിപ്പിക്കുന്നു. ബഡ്‌സ് പരിശീലനാര്‍ഥികളുടെ മാനസിക വളര്‍ച്ചയ്ക്ക് തുണയാകുന്നതിനായി കലാകായിക പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുന്നു. ജില്ലാ-സംസ്ഥാനതല ഭിന്നശേഷി കലോത്സവങ്ങളിലും ഒളിമ്പിക്‌സിലും നേട്ടങ്ങള്‍ പലതുണ്ട് അഭിമാനിക്കാന്‍. കുട്ടികളിലെ സഭാകമ്പം ഇല്ലാതാകുന്നതിനും കൂടുതല്‍ ഇടങ്ങളില്‍ കഴിവ് പ്രകടിപ്പിച്ച് പ്രാപ്തരാക്കുവാനും വിദ്യാലയ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചതാണ് മികവിന്റെ അടയാളപ്പെടുത്തലായത്. നടത്തത്തിലും എഴുത്തിലും വേഗതകൂടിയവര്‍, തല ഉയര്‍ത്തി സംസാരിക്കാന്‍ പഠിച്ച കിടപ്പു രോഗികള്‍, ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ പഠിച്ച സംസാരത്തില്‍ പിന്നില്‍ നിന്നവര്‍, ഇവരെല്ലാം വിദ്യാലയത്തിന്റെ നേട്ടങ്ങളാണ്.
വിദ്യാലയമികവിനൊപ്പം ക്രിയാത്മക ഇടപെടലുകളിലൂടെ കുട്ടികളെ ഊര്‍ജസ്വലരാക്കുന്നതിനും കാര്യക്ഷമത കൂട്ടുന്നതിനുമുള്ള പദ്ധതികളും കുടുംബശ്രീയുടെ സഹായത്തോടെ നടപ്പിലാക്കി. 25 ലക്ഷം രൂപയുടെ ധനസഹായം ജില്ലാ മിഷനില്‍ നിന്നും അനുവദിച്ചിരുന്നു. ആദ്യ ഗഡുവായി ലഭിച്ച 12.5 ലക്ഷം രൂപ സ്‌കൂളിന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുവാനും ഭിന്നശേഷി സൗഹൃദ ശൗചാലയം, റാംപ്റെയില്‍ നിര്‍മാണത്തിനും മള്‍ട്ടി പര്‍പസ് കിടക്ക, വോക്കര്‍, കളി-കൃഷി ഉപകരണങ്ങള്‍ വാങ്ങുവാനും വിനിയോഗിച്ചു. കുടുംബശ്രീ ബഡ്സ് ലൈവ്ലിഹുഡ് പദ്ധതിയുടെ ഭാഗമായി പേപ്പര്‍ പേന നിര്‍മാണത്തിനായി രണ്ടു ലക്ഷം രൂപ ചിലവില്‍ മെഷീനും വാങ്ങി. വിവിധ മേളകളില്‍ കുട്ടികളുടെ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പഞ്ചായത്ത് അവസരം ഒരുക്കുന്നുണ്ട്. പലവര്‍ണങ്ങളിലുള്ള പേന, ചവിട്ടി, ഹെയര്‍ ബാന്‍ഡ്, മാല, അലങ്കാര വസ്തുക്കള്‍ ഇവിടെ തയ്യാറാക്കി. ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള വിവിധ പരിശീലനങ്ങള്‍ക്കും സ്ഥാപനങ്ങളിലെ ആവശ്യത്തിനും കുട്ടികള്‍ നിര്‍മിക്കുന്ന പേനയും നോട്ട്പാഡുകളുമാണ് ഉപയോഗിക്കുന്നത്.
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പേപ്പര്‍ ബാഗ്, ഓഫീസ്ഫയല്‍, ലെറ്റര്‍ കവര്‍ നിര്‍മാണം എന്നിവയിലും പരിശീലനം നല്‍കി. കുട്ടികളുടെ കുടുംബാംഗങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമാക്കിയതെന്ന് അധ്യാപികയായ ആര്യ പറഞ്ഞു. കുട്ടികള്‍ക്ക് എല്ലാ മേഖലയിലും പരിശീലനം നല്‍കുന്നതിനൊപ്പം ഓരോരുത്തര്‍ക്കും താല്‍പര്യമുള്ള വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധനല്‍കുന്നതായും വ്യക്തമാക്കി. ചവിട്ടി നിര്‍മാണ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് രണ്ടു ലക്ഷം രൂപ ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. പരിശീലനത്തിന്റെ ആവേശം ഉള്‍ക്കൊണ്ട് ഞായറാഴ്ചപോലും ഇവിടേക്ക് എത്താനുള്ള താല്‍പര്യമാണ് കുട്ടികളില്‍ കാണുന്നതെന്ന് പരിശീലകര്‍ സാക്ഷ്യം. നിലവിലെ കെട്ടിടത്തിന്റെ പരിമിതി മറികടക്കാന്‍ പുതിയത് നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി. നായര്‍ അറിയിച്ചു.