ന്യൂഡൽഹി : ബന്ധപ്പെട്ട ഹൈക്കോടതിയുടെ അനുമതിയില്ലാതെ എം.പി മാർക്കും എം.എൽ.എ മാർക്കും എതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കാനാവില്ലെന്ന് സുപ്രീംകോടതി. സംസ്ഥാന സർക്കാരുകൾ അവരുടെ അധികാരം ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപത്തിലാണ് സുപ്രീംകോടതി നടപടി. നിയമസഭാ കൈയാങ്കളിയിൽ ഉൾപ്പെട്ടവർക്കെതിരായ ക്രിമിനൽ കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടി നേരത്തെ കേരള ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ എം.എൽ.എ മാർ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ട കേസുകളിൽ ഒരു വ്യക്തത വരുത്തിയിരിക്കുന്നത്.
എം.എൽ.എ മാർക്കും എം.പി മാർക്കുമെതിരായ കേസുകൾ നടക്കുന്ന പ്രത്യേക കോടതികളിലെ ജഡ്ജിമാർ സുപ്രീംകോടതിയുടെ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിലവിലെ സ്ഥാനത്ത് തുടരണമെന്നും നിർദേശമുണ്ട്. ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസുമാരായ വിനീത് ശരൺ, സുര്യകാന്ത് എന്നിവരുടെ ബെഞ്ചാണ് ഇത്തരമൊരു ഉത്തരവിറക്കിയത്. എം പി മാർക്കും എം എൽ എ മാർക്കുമെതിരെയുള്ള ക്രിമിനൽ കേസുകൾ പ്രത്യേക കോടതികളിൽ അതിവേഗം തീർപ്പാക്കുന്നത് സംബന്ധിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു ബെഞ്ച്.
കേസുകൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടിക്രമത്തിലെ സെക്ഷൻ 321 പ്രകാരം അധികാര ദുർവിനിയോഗമാണ് ആദ്യ പ്രശ്നം. ഹൈക്കോടതിയുടെ അനുമതിയില്ലാതെ എം.പി മാർക്കും എം.എൽ.എ മാർക്കുമെതിരായ ഒരു പ്രോസിക്യൂഷനും പിൻവലിക്കരുതെന്ന് നിർദേശിക്കുന്നത് ഉചിതമാണെന്ന് ഞങ്ങൾ കരുതുന്നു.
കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ എം.എൽ.എ മാർക്കും എം.പി മാർക്കുമെതിരായ കേസുകൾ നടക്കുന്ന പ്രത്യേക കോടതികളിലേയും സിബിഐ കോടതികളിലേയും പ്രിസൈഡിങ് ഓഫീസർമാർ നിലവിലെ സ്ഥാനത്ത് തുടരാൻ ആവശ്യപ്പെടണമെന്നും കോടതി നിർദേശിച്ചു. ആവശ്യമെങ്കിൽ ജഡ്ജിമാരെ മാറ്റുന്നതിന് ഇളവ് നൽകാൻ ഹൈക്കോടതി രജിസ്ട്രാർമാർക്ക് സുപ്രീംകോടതി അനുവാദം നൽകി.
ജനപ്രതിനിധികൾക്കെതിരായ കേസ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് അമിക്കസ്ക്യൂറി സീനിയർ അഭിഭാഷകൻ വിജയ് ഹൻസാരിയുടെ സബ്മിഷൻ അനുസരിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കേസ് പിൻവലിച്ചതുമായി ബന്ധപ്പെട്ട് അമിക്കസ്ക്യൂറി നൽകിയ റിപ്പോർട്ടിൽ അടുത്തിടെ ചില സംസ്ഥാനങ്ങളിൽ നടന്ന പിൻവലിക്കലുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മുസാഫർനഗർ കലാപവുമായി ബന്ധപ്പെട്ട് എംഎൽഎമാരായ സംഗീത് സോം, സുരേഷ് റാണ, കപിൽദേവ്, സാധ്വി പ്രാചി തുടങ്ങിയവരുടെ പേരിലുള്ള കേസുകൾ ഉത്തർപ്രദേശ് സർക്കാർ പിൻവലിച്ചു. കർണാടകത്തിലും മഹാരാഷ്ട്രയിലും ഇത്തരത്തിൽ നിവരധി കേസുകൾ പിൻവലിച്ചതായും റിപ്പോർട്ടിലുണ്ട്.