പാലക്കാട് : പാലക്കാട് നിയമസഭ മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിൽ എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്ന് ഷാഫി പറമ്പില്‍ എംപി. ഈ തീരുമാനം പാലക്കാട്ടെ ജനങ്ങളും നേതൃത്വവും അംഗീകരിച്ചതാണ്. എല്ലാവരുടെയും പിന്തുണയോടെ എടുത്ത തീരുമാനം. സിരകളിൽ കോൺഗ്രസ് രക്തം ഓടുന്നവർ രാഹുലിൻ്റെ വിജയത്തിനൊപ്പം ഉണ്ടാവണം. രാഹുൽ ഒരു വ്യക്തിയുടെയും സ്ഥാനാർഥിയല്ല. പാർട്ടിയുടെ സ്ഥാനാർത്ഥിയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. താൻ പാർട്ടിയെക്കാൾ വലുതാവാൻ ശ്രമിച്ചിട്ടില്ല. ഷാഫിയെ വടകരയ്ക്ക് അയച്ചത് പാർട്ടിയാണ്. രാഹുൽ പാർട്ടിയുടെ നോമിനിയാണ്.
സരിൻ്റെ പ്രതികരണം തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. കേന്ദ്ര – സംസ്ഥാന സർക്കാരിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്താൻ ജനം കാത്തു നിൽക്കുന്നു. പാലക്കാട് അവതരിപ്പിക്കാൻ കഴിയുന്ന മികച്ച സ്ഥാനാർത്ഥിയാണ് രാഹുൽ. അതിൽ ഞങ്ങൾക്ക് സംശയമില്ല. രാഹുലിന് പാലക്കാട്ടെ ഏറ്റവും വലിയ ഭൂരിപക്ഷ കിട്ടും. അനുകൂല രാഷ്ട്രീയ സാഹചര്യമല്ലാത്തപ്പോഴും പാലക്കാട് യുഡിഎഫിനെ കൈവിട്ടിട്ടില്ലെന്നും ആരോപണങ്ങളുന്നയിച്ച പി സരിന് മറുപടിയായി ഷാഫി പറമ്പില്‍ പറഞ്ഞു. 2011 ൽ ഞാൻ വന്നപ്പോഴും കോലാഹലങ്ങൾ ഉണ്ടായിരുന്നു. എന്നിട്ടും പാലക്കാട് ചേർത്തു പിടിച്ചു. രാഹുലിന് നൽകുന്ന വോട്ട് പാഴാകില്ലെന്ന് ഉറപ്പു തരാം. സരിൻ പാർട്ടി വിടുമെന്ന് കരുതുന്നില്ല. 2011 ൽ താൻ വന്നപ്പോൾ ഡിസിസി ഓഫീസിൻ്റെ ചില്ലു തകർന്നു കിടക്കുന്നതാണ് കണ്ടത്. സരിൻ്റെ പ്രതികരണം വെല്ലുവിളിയാവില്ല. ഒരു ഇടർച്ചയുമില്ലാതെ പറയുന്നു പാലക്കാട് വിജയിക്കണം. സരിനെതിരെ നടപടിയുണ്ടോയെന്ന് പാർട്ടി പറയുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.