ദില്ലി : കര്‍ഷകവിരുദ്ധ ബില്ലുകള്‍ക്കെതിരായി രാജ്യസഭയില്‍ പ്രതിഷേധം ഉയര്‍ത്തിയ എട്ട് എം.പിമാരെ സസ്‌പെന്റ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു.
ഇന്ത്യയിലെ കര്‍ഷക സമൂഹമാകെ ആശങ്കയോടെ കാണുന്ന ബില്ലുകള്‍ പാര്‍ലമെന്റില്‍ സമഗ്രമായ ചര്‍ച്ചയ്ക്കും സംവാദങ്ങള്‍ക്കും വിദേയമാക്കപ്പെടാതെ പാസാക്കിയെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരായാണ് അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തിയത്.
വിയോജിപ്പിന്റെയും പ്രതിഷേധത്തിന്റെയും ശബ്ദങ്ങളെ സസ്‌പെന്‍ഷനിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. പാര്‍ലമെന്റിലും പുറത്തും ബില്ലുകള്‍ക്കെതിരായി ഉയരുന്ന പ്രതിഷേധം കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലയെന്ന് നടിക്കരുത്. കര്‍ഷകവിരുദ്ധമായ ബില്ലുകളും, ജനാധിപത്യവിരുദ്ധമായ സസ്‌പെന്‍ഷന്‍ നടപടികളും പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും ജോസ് കെ.മാണി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.