പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവന രഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 184ാമത്തെ സ്നേഹഭവനം ശിശുദിനത്തിൽ മലയാലപ്പുഴ കിഴക്കേപുന്നാട്ട് ഭിന്നശേഷിക്കാരിയായ കൃഷ്ണപ്രിയക്കും കൃഷ്ണജിത്തിനുമായി നല്‍കി. വിദേശമലയാളിയായ രാജേഷ്. ആർ. നാഥിന്റെ സഹായത്താൽ അദ്ദേഹത്തിന്റെ സഹോദരന്റെയും അമ്മയുടെയും ഓർമക്കായി നിർമ്മിച്ചു നൽകിയതാണ് ഈ സ്നേഹ ഭവനം. വീടിന്റെ താക്കോൽദാന കര്‍മ്മം രാജേഷിന്റെ ഭാര്യാപിതാവ് രാജപ്പൻ നായർ നിർവഹിച്ചു.
വർഷങ്ങളായി സ്വന്തമായി ഒരു കൂരപോലുമില്ലാതെ കഴിഞ്ഞിരുന്ന കൃഷ്ണപ്രിയയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥ പത്തനംതിട്ട ബി ആർ സിയിലെ അദ്ധ്യാപിക ലീബയാണ് സുനില്‍ ടീച്ചറിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. രാജേഷ് നൽകിയ മൂന്നര ലക്ഷം രൂപ ഉപയോഗിച്ച് നാലുസെന്റ് ഭൂമിയിൽ രണ്ടു മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 650 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീട് നാലംഗ കുടുംബത്തിനായി നിർമിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എലിസബത്ത് അബു, വാർഡ് മെമ്പർ മനോജ് പിള്ള, ഡോ. അരുണ ദേവി, കെ. പി. ജയലാൽ, ആദിത്യനാഥൻ, റയാൻഷ് നാഥ് എന്നിവർ പങ്കെടുത്തു.