പത്തനംതിട്ട : ട്രാഫിക് നിയമങ്ങള്‍ പാലിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. എന്നാല്‍ നിയമവും ചട്ടങ്ങളും പറഞ്ഞ് ജനങ്ങളെ എങ്ങനെയും ബുദ്ധിമുട്ടിക്കാമെന്നാണ് കേരളത്തിലെ മോട്ടോര്‍ വാഹനവകുപ്പിന്റെ നീക്കം. സര്‍ക്കാരിന്റെ ഖജനാവില്‍ പണം നിറക്കാന്‍ ഏറെ കഷ്ടപ്പെടുന്ന ചില ഉദ്യോഗസ്ഥരും മോട്ടോര്‍ വാഹന വകുപ്പില്‍ ഉണ്ട്. കേരളത്തിലെ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ചത് റോഡ് അപകടങ്ങള്‍ കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ മാത്രമല്ല. രാത്രിയും പകലും ഒരുപോലെ ജനങ്ങളെ പിഴിയാന്‍ ഉള്ള സംവിധാനം കൂടിയാണ് ഇത്.
പത്തനംതിട്ടയിലെ അറിയപ്പെടുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകയാണ് കാതോലിക്കേറ്റ് കോളേജില്‍ നിന്നും വിരമിച്ച പ്രൊഫസര്‍ ഡോ.എം.എസ് സുനില്‍. സുമനസ്സുകളുടെ സഹായത്തോടെ 243 വീടുകളാണ് ഈ വനിത നിരാലംബരായ കുടുംബങ്ങള്‍ക്ക് പണിതു നല്‍കിയത്. ഇവര്‍ക്ക് ഇന്നലെ മോട്ടോര്‍ വാഹന വകുപ്പില്‍നിന്നും നേരിട്ട ദുരനുഭവം ഇവര്‍തന്നെ ഫെയ്സ് ബുക്കില്‍ കുറിച്ചു. ആരെയും ചിന്തിപ്പിക്കുന്ന ഈ കുറിപ്പ് ഒരുപക്ഷെ മോട്ടോര്‍ വാഹന വകുപ്പിലെ ഏമാന്‍മാര്‍ക്ക് ദഹിക്കില്ല. രാവും പകലും മഴയെന്നോ വെയിലെന്നോ നോക്കാതെ സര്‍ക്കാരിന്റെ പെട്ടി നിറക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഇവര്‍ക്ക് മനുഷ്യത്വവും മാനുഷിക പരിഗണനയും ഒന്നും ഉണ്ടാവില്ലല്ലോ. നിയമത്തിന്റെ നൂലാമാലകളിലൂടെ എങ്ങനെയും ഒരു ഇരയെ കുടുക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഇതേ നിയമങ്ങള്‍ തന്നെ ചിലര്‍ക്കൊക്കെ വഴിമാറുന്നതും നമുക്ക് കാണാം.
പത്തനംതിട്ടക്കാര്‍ ഏറെ ഇഷ്ടപ്പെടുന്ന സുനില്‍ ടീച്ചറുടെ ഫെയ്സ് ബുക്ക് കുറിപ്പ് ഇപ്രകാരമാണ് ….ട്രാഫിക് നിയമങ്ങൾ തെറ്റിക്കുന്നവർ ക്ക് യാതൊരു ശിക്ഷാ നടപടികളും ഇല്ല. Dim അടിക്കാതെ വാഹനം ഓടിക്കുന്നവർക്കും fine ഇല്ല. അൽപ്പം മുമ്പ് കൈപ്പട്ടൂർ റോഡ് വഴി വരുമ്പോൾ MVD squad വണ്ടിക്ക് കൈ കാണിച്ചു. എന്താണെന്ന് മനസ്സിലായില്ല. പിന്നീടാണ് എന്താണെന്ന് ചോദിച്ചപ്പോൾ മൊബൈലിൽ മെസ്സേജ് വരുമെന്ന് പറഞ്ഞു. വീണ്ടും തിരക്കിയപ്പോൾ fine 250 രൂപ. അപ്പോഴാണ് അറിയുന്നത് ഒരു വശത്തെ bright light ന്റെ ഉള്ളിലുള്ള ഒരു point ഡിം ലൈറ്റ് കത്തുന്നില്ല എന്ന്. അല്പം മുൻപ് bulb പോയതാണ്.
യാത്രയ്ക്കിടയിൽ ഡിം ലൈറ്റ് പോയാൽ ഒന്നുകിൽ head light bulb സ്പെയർ കരുതിവയ്ക്കുക. കൂടാതെ ബൾബ് ഇടാൻ കൂടി അറിഞ്ഞിരിക്കുക. അല്ല എങ്കിൽ നമ്മുടെ ഈ റോഡുകളിൽ അടൂരിനും പത്തനംതിട്ടക്കും ഇടയ്ക്ക് എവിടെയാണ് ഇതിനുള്ള സൗകര്യം എന്നുകൂടെ പറഞ്ഞുതരിക. അതുമല്ല രാത്രി ഒമ്പതരയ്ക്ക് ശേഷം കേരളത്തിൽ എവിടെയാണ് ഇതിനുള്ള സൗകര്യം. പകൽ സമയങ്ങളിൽ ഉള്ള ട്രാഫിക് Violations കണ്ടുപിടിക്കാതെ രാത്രിയിൽ നാമറിയാതെ നമ്മുടെ കുറ്റം കൊണ്ടല്ലാതെ വാഹനങ്ങൾക്ക് വരുന്ന നിസ്സാര തകരാറിന് ഈ രീതിയിൽ പെരുമാറുന്നത് ശരിയല്ല. Dim light ഒരു point പോയി രാത്രിയിൽ അവിടെ കാർ ഇട്ടിരുന്നെങ്കിൽ പകരം സംവിധാനമൊരുക്കുമായിരുന്നോ. Fine അല്ല പ്രശനം ഇത്തരം സന്ദർഭങ്ങളിൽ എവിടെയാണ് ഇത് പരിഹരിക്കാനുള്ള ക്രമീകരണങ്ങൾ ഉള്ളത്. യാത്രയിൽ പെട്ടെന്ന് ഇങ്ങനെ സംഭവിക്കുമ്പോൾ എന്തുചെയ്യാൻ.