കോഴിക്കോട് : ഹരിത പരാതി ഉന്നയിച്ച എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വിവിധ കോളേജ് യൂനിറ്റുകള്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് നല്‍കിയ കത്ത് പുറത്ത്. കോഴിക്കോട് ഫാറൂഖ് കോളേജ്, കണ്ണൂര്‍ സര്‍ സയ്യിദ് കോളേജ് എം.എസ്.എഫ് യൂനിറ്റുകള്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് ഈ മാസം 20ന് നല്‍കിയ കത്താണ് പുറത്തുവന്നത്.
ഈ വിഷയം കാമ്പസില്‍ സംഘടനാ സംവിധാനം തകരാന്‍ കാരണമാകുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാര്‍ഥികള്‍ക്കും മറ്റു സംഘടനകള്‍ക്ക് മുന്നിലും മറുപടിയില്ലാതെ തല താഴ്ത്തി നടക്കേണ്ട അവസ്ഥയിലാണെന്നും കത്തിലൂടെ നേതൃത്വത്തെ അറിയിച്ചിരുന്നു. എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഹരിത.
സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്‍റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് പരസ്യമായി ഖേദം പ്രകടിപ്പിക്കുമെന്നും ഹരിത പരാതി പിന്‍വലിക്കുമെന്നുമായിരുന്നു മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഒൗദ്യോഗികമായി അറിയിച്ചിരുന്നത്. എന്നാല്‍, ഖേദപ്രകടനം പോരെന്നും നടപടിയെടുത്താലേ നീതി ലഭിക്കൂ എന്നാണ് ഹരിത നേതൃത്വത്തിന്‍റെ നിലപാട്.