കൊച്ചി: സ്വര്‍ണക്കടത്ത് വിഷയത്തിലും തുടര്‍സംഭവങ്ങളിലും കേരളത്തിലെ ഭരണകൂടത്തെയും സിപിഎമ്മിനെയും ന്യായീകരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്റെ കസേരയുടെ മഹത്വം കളഞ്ഞുകുളിച്ചെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.
കാനം രാജേന്ദ്രന്‍ സിപിഎമ്മിന് ദാസ്യവേല ചെയ്യുകയാണ്. ഇരിക്കുന്ന കസേരയുടെ മഹത്വം മറന്നാണ് കാനം പ്രവര്‍ത്തിക്കുന്നതെന്നും എം.ടി രമേശ് വിമര്‍ശിച്ചു. സിപിഎം സംസ്ഥാനത്തെ ലക്ഷണമൊത്ത അധോലോക സംഘമായി മാറിയിരിക്കുകയാണ്. സംസ്ഥാന പദ്ധതികള്‍ നടപ്പാക്കാന്‍ ലഭിക്കുന്ന കമ്മീഷന്‍ തുകകള്‍ മദ്യം, മയക്കുമരുന്ന്, സ്വര്‍ണക്കടത്ത് തുടങ്ങി ബിനാമി ഇടപാടുകള്‍ക്ക് ബിനീഷ് കോടിയേരി ഉപയോഗിച്ചെന്നും എം.ടി. രമേശ് ആരോപിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി ബിനീഷ് കോടിയേരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ടും കാനം രാജേന്ദ്രന്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് ലഹരി മരുന്ന് കേസിലല്ലെന്നും ബിനീഷിനെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നുവെന്നും കാനം പറഞ്ഞിരുന്നു. കേന്ദ്ര ഏജന്‍സികളെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു. ബിനീഷ് സര്‍ക്കാരിന്റെ ഭാഗമല്ല, സ്വതന്ത്രനായ വ്യക്തിയാണ്. ബിനീഷിന്റെ അറസ്റ്റ് സര്‍ക്കാരിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും കാനം പ്രതികരിച്ചു.
ബിനീഷിന്റെ കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബിനീഷ് പാര്‍ട്ടിയിലുള്ള ആളല്ല. നേതാക്കളുടെ മക്കളെന്ന പേരില്‍ പ്രത്യേകം പൗരന്മാരില്ല, അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സിപിഎമ്മിനോ സര്‍ക്കാരിനോ പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും കാനം പ്രതികരിച്ചു. ശിവശങ്കറിന്റെ അറസ്റ്റും സര്‍ക്കാരിനെ തകര്‍ക്കാനുള്ള ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ഏജന്‍സികളെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നത് കഴിഞ്ഞ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയതാണ്. ഇത് ശരിയാണെന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നതെന്നുമായിരുന്നു കാനത്തിന്റെ പ്രതികരണം.