കോഴഞ്ചേരി: മഹാത്മാ ഗാന്ധിയുടെ 72-ാം രക്തസാക്ഷിത്വം ആറന്മുള ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കോഴഞ്ചേരി എം ടി എം എൽ പി സ്കൂളിൽ ആചരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ എം.സുൽഫിഖാൻ റാവുത്തർ അനുസ്മരണ സന്ദേശം നല്കി.
പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ഗാന്ധിജിയുടെ ആശയങ്ങള്‍ പ്രസക്തമായിത്തന്നെ നിലകൊള്ളുകയാണ്. മതേതരത്വത്തിന്റെ ഏറ്റവും വലിയ സമര്‍ഥകനായിരുന്നു ഗാന്ധിജി. മാനവികതയാണ് മതേതരത്വത്തിന്റെ അടിത്തറയെന്നദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ആത്മാവായ ഗാന്ധിജിയുടെ സമര മാർഗങ്ങൾ ബ്രിട്ടഷ് സാമ്രാജ്യത്വത്തെ ഞെട്ടിച്ചു. ഉപവാസങ്ങളിലൂടേയും നിസ്സഹകരണ പ്രസ്ഥാനങ്ങളിലൂടേയും ഗാന്ധിജി അവരെ മുട്ടുകുത്തിച്ചു. ഗാന്ധിജിയുടെ സ്വജീവിതം തന്നെയായിരുന്നു എന്തിന്റെയും മാതൃക. ഒരു ശിശുവിന്റെ ശരീരത്തിലും മനസ്സിലും ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസമെന്നദ്ദേഹം ഓർമ്മിപ്പിച്ചു.
സത്യവും അഹിംസയുമാണ് ജീവിതത്തിൽ മുറുകെ പിടിക്കേണ്ടതെന്നദ്ദേഹത്തിന്റെ വീക്ഷണത്തിൽ പ്രത്യേകം പറയുന്നു. സത്യം ലക്‌ഷ്യവും അഹിംസ അതിലേക്കുള്ള മാർഗവുമാണ്. തന്റെ ജീവിതം സത്യത്തിന്റെ വിവിധ മാനങ്ങൾ മനസ്സിലാക്കുവാനായി ചിലവഴിച്ചു. എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ അദ്ദേഹം അത് സ്വജീവിതം കൊണ്ട് തെളിയിച്ചു. സ്വാതന്ത്യത്തിനായി പോരാടിയ ഒരു ജനതയെ അഹിംസയിലൂടെ മുന്നോട്ടു നയിക്കാനും അവര്‍ക്ക് മാര്‍ഗ ദര്‍ശിയായി നിലകൊളളാനും ഗാന്ധിജിയ്ക്ക് കഴിഞ്ഞു. മഹാത്മാഗാന്ധിയുടെ മഹത്വം ഒന്നുകൂടി ഓരോ ഭാരതിയനെയും ഓര്‍മ്മപ്പെടുത്തുകയാണെന്ന് ജനമൈത്രി ബീറ്റ് ഓഫീസർ എം.സുൽഫിഖാൻ റാവുത്തർ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു. ഹെഡ്മിസ്ട്രസ് സുജ മാത്യൂ അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫിസർ ജി.അജിത്ത്, അദ്ധ്യാപകരായ വൽസൺ ജേക്കബ്, വിജി മത്തായി, മറിയാമ്മ എബ്രഹാം എന്നിവർ പ്രസംഗിച്ചു.