രാജസ്ഥാന്‍ : മകളുടെ കാമുകനായ യുവാവിനെ പിതാവ് ഉള്‍പ്പെട്ട സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. രാജസ്ഥാനിലെ ഝല്‍വാറിലാണ് സംഭവം. ഇരുപത്തിയാറുകാരനായ രാകേഷ് കുമാര്‍ തെലി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാകേഷിന്റെ കാമുകിയുടെ പിതാവ് രാധുലാല്‍ ലോധ (60), അമ്മാവന്‍ ബദ്രിലാല്‍ ലോധ (58) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യത്തിലുള്‍പ്പെട്ട ബാക്കി ആറു പേര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദേഹമാസകലം പരിക്കേറ്റ് അര്‍ദ്ധ നഗ്നമായ നിലയില്‍ രാകേഷിന്റെ മൃതദേഹം ഒഴിഞ്ഞ പ്രദേശത്തു നിന്നു കണ്ടെടുത്തത്. പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ പ്രതിയായ രാധുലാലിന്റെ വീട്ടിലെ ഡ്രൈവറായിരുന്നുവെന്നും ഇവിടുത്തെ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും വ്യക്തമായി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രണയബന്ധത്തിന് എതിരു നിന്ന യുവതിയുടെ വീട്ടുകാര്‍ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. കൊല്ലപ്പെട്ടത് ആരാണെന്ന് അറിയാതിരിക്കാന്‍ രാകേഷിന്റെ വസ്ത്രങ്ങളും മൊബൈല്‍ ഫോണ്‍ അടക്കമുള്ള വസ്തുക്കളും പ്രതികള്‍ മാറ്റിയിരുന്നു. ഇതിന് ശേഷമാണ് മൃതദേഹം ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചതെന്നും പോലീസ് വ്യക്തമാക്കി.