മുംബൈ : മുകേഷ് അംബാനിക്കും കുടുംബാംഗങ്ങള്‍ക്കും വധഭീഷണിമുഴക്കി ഫോണ്‍ വിളിച്ച യുവാവ് അറസ്റ്റില്‍. രാകേഷ് കുമാര്‍ മിശ്ര എന്നയാളെയാണ് ബീഹാറിലെ ദര്‍ഭംഗയില്‍ നിന്ന് മുംബൈ പോലീസും ബീഹാര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ മുംബൈയിലേക്ക് തിരികെ കൊണ്ടുവരികയാണ്. ബുധനാഴ്ച, മുംബൈയിലെ സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റലിലേക്ക് അഞ്ച് മണിക്കൂറിനുള്ളില്‍ രണ്ട് ഭീഷണി കോളുകള്‍ വന്നു. ആശുപത്രിയില്‍ സ്ഫോടനം നടത്തുമെന്നും അംബാനി കുടുംബാംഗങ്ങളെ വധിക്കുമെന്നും ഭീഷണി ഉയര്‍ത്തിയിരുന്നു.
‘ഇന്നലെ ഉച്ചയ്ക്ക് 12.45 നും വൈകുന്നേരം 5.04 നും സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റലിന്റെ കോള്‍ സെന്ററിലേക്ക് ആശുപത്രിയില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഒരു കോള്‍ വന്നു. മുകേഷ് അംബാനി, നിത അംബാനി, ആകാശ് അംബാനി, ആനന്ദ് അംബാനി എന്നിവരുടെ ജീവനെടുക്കുമെന്നും ഭീഷണിപ്പെടുത്തി,’ റിലയന്‍സ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
‘അംബാനി കുടുംബത്തിന് ഭീഷണി കോളുകള്‍ വന്ന സംഭവത്തില്‍ മുംബൈ പോലീസിന്റെ ഒരു സംഘം ബീഹാറിലെ ദര്‍ഭംഗയിലെ ഒരു ബ്ലോക്കില്‍ നിന്ന് ബീഹാര്‍ പോലീസിന്റെ സഹായത്തോടെ അര്‍ദ്ധരാത്രി ഒരാളെ കസ്റ്റഡിയിലെടുത്തു. പ്രതിക്കൊപ്പം സംഘം മുംബൈയിലേക്ക് മടങ്ങുകയാണ്. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നു,’ പോലീസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 506(2),507 വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. പ്രതി തൊഴില്‍ രഹിതനാണെന്നും ഭീഷണി കോളുകള്‍ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. അടുത്തിടെ, ഇന്റലിജന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രാലയം മുകേഷ് അംബാനിയുടെ സുരക്ഷ ‘z +’ വിഭാഗത്തിലേക്ക് ഉയര്‍ത്തിയിരുന്നു.