മുക്കം : കെ.എസ്.ആര്‍.ടി.സി തിരുവമ്പാടി ഡിപ്പോ നിര്‍മ്മാണത്തിനുള്ള തടസം നീക്കാന്‍ ഗതാഗത മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കോഴിക്കോട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പരിഹാരമായി. ഇതനുസരിച്ച് വെള്ളിയാഴ്ച തന്നെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്ന് പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമി കെ.എസ്.ആര്‍.ടി.സിക്ക് കൈമാറാന്‍ തീരുമാനിക്കും. സപ്തംബര്‍ അഞ്ചാം തിയതിക്കകം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കും.
രജിസ്‌ട്രേഷന്‍ ഫീസ് കെ.എസ്.ആര്‍.ടി.സി വഹിക്കാനും തീരുമാനിച്ചു. ഡിപ്പോ നിര്‍മ്മാണത്തിനുള്ള ഭൂമി കൈമാറാത്തതിനാലാണ് അവിടെ ഡിപ്പോ നിര്‍മ്മിക്കാന്‍ സാധിക്കാത്തതെന്ന് കഴിഞ്ഞ ദിവസം മന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തിയിരുന്നു.
2016-17 വര്‍ഷത്തില്‍ ജോര്‍ജ് എം.തോമസ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് മൂന്നുകോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചെങ്കിലും സ്ഥലം കൈമാറാത്തതിനാല്‍ ഡിപ്പോ നിര്‍മ്മാണം ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാങ്കേതിക പ്രശ്‌നത്തിനാണ് ഇപ്പോള്‍ പരിഹാരമാകുന്നത്. ലിന്റോ ജോസഫ് എം.എല്‍.എ, ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, കളക്ടര്‍ ഡോ. എന്‍. തേജ്‌ലോഹിത് റെഡ്ഡി, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മെഴ്‌സി പുളിക്കാട്ട്, കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.