പാലക്കാട്: പാലക്കാട് മൂലത്തറ ഡാം അഴിമതി വിഷയത്തിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കോൺഗ്രസും ജെ.ഡി.എസും. മൂലത്തറ ഡാമിന്‍റെ ഭാഗമായുള്ള വലതു കര കനാൽ നിർമ്മാണത്തിൽ കോൺഗ്രസിന്‍റെ സഹായത്തോടെ അഴിമതി നടന്നെന്ന് ചൂണ്ടിക്കാട്ടി ജെ.ഡി.എസ് രംഗത്തെത്തി. ഇത് മറച്ച് വെക്കാനായി കോൺഗ്രസ് പുകമറ സൃഷ്ടിക്കുകയാണെന്നും ഇവർ ആരോപിച്ചു. അതിനിടെ കുറ്റാരോപിതർക്കെതിരെ നടപടി ആവശ്യപ്പെട്ട് മന്ത്രി കൃഷ്ണൻ കുട്ടിയുടെ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചു. മാത്യു കുഴൽനാടൻ എം.എല്‍.എ മാർച്ച് ഉദ്ഘാടനം ചെയ്തു. മൂലത്തറ ഡാം ആഴിമതിയിൽ കോൺഗ്രസിന്‍റെ ആരോപണങ്ങളെ വലതുകര കനാലിന്‍റെ നിർമ്മാണം മുൻനിർത്തിയാണ് ജെഡിഎസ് പ്രതിരോധിക്കുന്നത്.
2004 ൽ യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ് വലതുകര കനാലിന്‍റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്. സ്ഥലം എം.എൽ.എയും കോൺഗ്രസ് നേതാവുമായ കെ.അച്യുതന്‍റെ അനുജൻ മധുവിനായിരുന്നു നിർമ്മാണ കരാർ. എന്നാൽ പാതി വഴിയിൽ മുടങ്ങിയ നിർമ്മാണത്തിൽ അഴിമതി നടത്തിയെന്ന് വിജിലൻസ് കണ്ടെത്തി. തുടർന്ന് കരാർ റദ്ദ് ചെയ്ത് നഷ്ടപരിഹാരം നൽകാൻ പൊതുമരാമത്ത് വകുപ്പ് ഉത്തരവിട്ടു. ഇതിനെതിരെ മധു ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല. മൂലത്തറ ഡാം അഴിമതി ചർച്ചയാകുമ്പോൾ, പഴയ കേസ് പുറത്ത് വരാതിരിക്കാൻ കോൺഗ്രസ് പുകമറ സൃഷ്ടിക്കുന്നു എന്നും ജനതാദൾ സംസ്ഥാന സെക്രട്ടറി അഡ്വ.മുരുകദാസ് പറഞ്ഞു.