മലപ്പുറം : തില്ലങ്കരി മോഡല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ സി.പി.എമ്മും ബിജെപിയും ധാരണയായിട്ടുണ്ടെന്നും ന്യൂനപക്ഷങ്ങള്‍ കരുതിയിരിക്കണമെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ വോട്ട് കച്ചവടത്തിന് സി.പി.എമ്മും-ബി.ജെ.പിയും ധാരണയുണ്ടാക്കിയിരുന്നു. ഡല്‍ഹിയില്‍ നിന്നാണ് ചര്‍ച്ച നടന്നത്. അത് നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും മുല്ലപ്പള്ളി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. തില്ലങ്കരി ഉപതിരഞ്ഞെടുപ്പ് ഇതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ്.
ആര്‍.എസ്.എസിന്റെ പ്രമുഖ നേതാവ് വത്സന്‍ തില്ലങ്കരിയുടെ നാടാണത്. അവിടെയാണ് ബി.ജെ.പിക്ക് 2000 വോട്ടോളം കുറഞ്ഞതും സി.പി.എം സ്ഥാനാര്‍ഥി വിജയിച്ചതും. ഇതിലപ്പുറം എന്ത് തെളിവാണ് വേണ്ടതെന്നും മുല്ലപ്പള്ളി ചോദിച്ചു. താനും സി.പി.എമ്മും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് വത്സന്‍ തില്ലങ്കരി ആദ്യമേ പറഞ്ഞതാണ്. ഇതിന്റെ സ്വാധീനമാണ് ഇപ്പോള്‍ അവിടെ കണ്ടത്. അതുകൊണ്ട് കരുതിയിരിക്കണം. വിലകുറഞ്ഞ രാഷ്ട്രീയമാണ് സി.പി.എം കളിക്കുന്നത്. ഹൈന്ദവ, ഹൈന്ദവേതര വര്‍ഗീയതയെ നേരത്തെ വാരിപ്പുണര്‍ന്നവരാണ് സി.പി.എം. അവരുടെ ചരിത്രം അതാണ്. എന്നിട്ടാണ് ഇപ്പോള്‍ എ.വിജയരാഘവനെ പോലുള്ളവര്‍ കപട മതേതരത്വം പറയുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.