തിരുവനന്തപുരം : എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക പലയിടത്തും തള്ളിയത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയ്ക്ക് തെളിവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് കുറുക്കുവഴി തേടുകയാണ് സിപിഎം. സംഘപരിവാറും സിപിഎമ്മും പല മണ്ഡലങ്ങളിലും സൗഹൃദ മത്സരം നടത്തുകയാണ്. സിപിഎം വ്യാപകമായി ബിജെപിയുടെ വോട്ട് വിലയ്ക്ക് വാങ്ങുകയാണ്. സിപിഎമ്മിന്റെ പ്രമുഖര്‍ മത്സരിക്കുന്ന പല മണ്ഡലങ്ങളിലും തീരെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി നിര്‍ത്തിയിട്ടുള്ളത്.
പകരം സിപിഎമ്മും സമാനനിലപാടാണ് സ്വീകരിച്ചത്. അപകടകരമായ രാഷ്ട്രീയമാണ് സിപിഎം പയറ്റുന്നത്. വികസന നേട്ടം അവകാശപ്പെടാനില്ലാതെ വിഷയ ദാരിദ്ര്യം നേരിടുന്നതിനാണ് സിപിഎം ബിജെപിയുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് സഖ്യം രൂപപ്പെടുത്തിയത്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീല്‍ ആര്‍എസ്എസ് നേതാവ് ആര്‍.ബാലശങ്കര്‍ വെളിപ്പെടുത്തിയതിന് പിന്നാലെ എന്‍എഡിഎ സ്ഥാനാര്‍ത്ഥി പുന്നപ്ര-വയലാര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതും യാദൃശ്ചികമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.