തിരുവനന്തപുരം : ഇടഞ്ഞു നിൽകുന്ന പാലക്കാട് മുൻ ഡി.സി.സി അധ്യക്ഷൻ എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം നീക്കം ശക്തമാക്കി. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എ.വി ഗോപിനാഥനുമായി ഫോണിൽ സംസാരിച്ചു. തിടുക്കത്തിൽ തീരുമാനം എടുക്കരുതെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ഇതിനോടൊപ്പം മുതിർന്ന നേതാക്കളുടെ യോഗം പാലക്കാട് ഡി.സി.സി വിളിച്ചിട്ടുണ്ട്. എ.വി ഗോപിനാഥ് പങ്കുവെച്ച പരാതികൾ യോഗത്തിന് മുമ്പാകെ ഡി.സി.സി അധ്യക്ഷൻ അവതരിപ്പിക്കും.
പാർട്ടി അവഗണിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് മുൻ ഡി.സി.സി അധ്യക്ഷൻ നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. ആശയപരമായി യോജിച്ചു പോകാവുന്ന ആരുമായും സഹകരിക്കുമെന്നും ഗോപിനാഥ് വ്യക്തമാക്കിയിരുന്നു. പാർട്ടി അവഗണിക്കുന്നതിനെതിരെ മത്സരരംഗത്തിറങ്ങണമെന്നാണ് ഗോപിനാഥിനെ പിന്തുണക്കുന്ന കോൺഗ്രസ് അനുഭാവികൾ ആവശ്യപ്പെടുന്നത്. ഇതിന് പിന്നാലെ ഗോപിനാഥിനെ പിന്തുണക്കുന്ന നിലപാടുമായി പി.കെ. ശശി എം.എൽ.എ അടക്കമുള്ള സി.പി.എം നേതാക്കൾ രംഗത്തെത്തുകയും ചെയ്തു.