തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ഉപവസിക്കും. ഇന്ദിരാഭവനില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയാണ് ഉപവാസം. കെപിസിസി പ്രസിഡന്റ് നയിക്കുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരും സത്യാഗ്രഹം നടത്തും. വൈകിട്ട് ഏഴിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്ന് സര്‍ക്കാരിനെതിരായ തുടര്‍ സമര പരിപാടികള്‍ തീരുമാനിക്കും. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനെതിരെ നടപടിയെടുക്കുന്ന കാര്യവും ചര്‍ച്ചയാകും.
നിർണ്ണായക സാഹചര്യത്തിൽ ഒപ്പം നിൽക്കാത്ത ജോസ് വിഭാഗത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം യുഡിഎഫിൽ ശക്തമായി. സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം നിയമസഭ 40 നെതിരെ 87 വോട്ടുകൾക്കാണ് തള്ളിയത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി തൻറെ ഓഫീസിനെ ബന്ധിപ്പിക്കാൻ ഗൂഢാലോചന നടക്കുന്നതായി ആരോപിച്ച മുഖ്യമന്ത്രി ഇനി ജനമധ്യത്തിൽ കാണാമെന്ന് പറഞ്ഞു. ലൈഫ് മിഷൻ വിവാദത്തിൽ നിന്നും മുഖ്യമന്ത്രി ഒളിച്ചോടി എന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷനേതാവ് ജനങ്ങൾ അവിശ്വാസം പാസ്സാക്കിയെന്നും പ്രതികരിച്ചു.