പത്തനംതിട്ട : കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നാളെ ചിറ്റാറിലെ സമരപ്പന്തലില്‍ എത്തും. കസ്റ്റഡി മരണത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ആവശ്യപ്പെട്ട് പത്തനംതിട്ട ഡി.സി.സിയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് സ്റ്റേഷന് മുമ്പിൽ നടത്തുന്ന റിലേ സത്യാഗ്രഹത്തിൽ അദ്ദേഹം പങ്കെടുത്ത് സംസാരിക്കും. വൈകിട്ട് 4ന് സമരപ്പന്തലില്‍ എത്തുന്ന അദ്ദേഹം കൊല്ലപ്പെട്ട മത്തായിയുടെ ഭവനവും സന്ദർശിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു.
പി.പി.മത്തായിയെ അനധികൃതമായി വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത് വനത്തിൽ കൊണ്ടുപോയി മർദ്ദിച്ച് കൊന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും ഡമ്മി പരീക്ഷണം നടത്തി ജനങ്ങളെ കബളിപ്പിക്കുന്നതിനും പ്രതികളായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനുമാണ് പോലീസ് ശ്രമിക്കുന്നതെന്ന് ബാബു ജോർജ് കുറ്റപ്പെടുത്തി. കെ.പി.സി.സി പ്രസിഡന്റിന്റെ ഇന്നത്തെ സന്ദർശനത്തിന് ശേഷം സമരം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.
കസ്റ്റഡി കൊലപാതകത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി നേതൃത്വത്തിൽ കഴിഞ്ഞ 11 ദിവസമായി ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷന് മുമ്പിൽ നടത്തുന്ന റിലേ സത്യാഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച് ജില്ലയിലൊട്ടാകെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചതായി ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു.