കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. കേന്ദ്ര നേതൃത്വത്തോടാണ് നിലപാട് അറിയിച്ചത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ചുമതല ഒഴിയാന്‍ അനുവദിക്കണമെന്നുമാണ് മുല്ലപ്പളളി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടത്.
എന്നാല്‍ ഏകപക്ഷീയ തീരുമാനം എടുക്കരുതെന്ന് മുല്ലപ്പളളിയോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പരാജയത്തിന് കൂട്ടുത്തരവാദിത്തമുണ്ട്. അതിനാല്‍ കൂട്ടായ ആലോചനകള്‍ക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്നും ചെന്നിത്തല മുല്ലപ്പളളിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ പ്രവര്‍ത്തകരുടെ ഇടയില്‍ നിന്നും രൂക്ഷവിമര്‍ശനമാണ് മുല്ലപ്പള്ളി ഏറ്റുവാങ്ങുന്നത്. കെ. സുധാകരനെ ഒഴിവാക്കി കസേരയില്‍ അടയിരിക്കുന്ന മുല്ലപ്പള്ളിയെ നാടുകടത്തണം എന്നാണ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയായിലൂടെ ആവശ്യപ്പെടുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല നന്നായി പ്രവര്‍ത്തിച്ചുവെന്നും പ്രവര്‍ത്തകര്‍ പറയുന്നു. ചെന്നിത്തല കേരളമാകെ ഉഴുതുമറിച്ച് വിത്ത് വിതച്ചിട്ടും അത് കൊയ്തെടുക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കഴിഞ്ഞില്ല. കോണ്‍ഗ്രസ് നേത്രുത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.