തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് വാക്സിന്‍ നയം ജനദ്രോഹ പരിഷ്‌ക്കാരമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡ് രണ്ടാംതരംഗം രാജ്യമാകെ വ്യാപിക്കുമ്പോള്‍ പരമാവധി വാക്സിന്‍ ജനങ്ങളില്‍ എത്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ ജനങ്ങളുടെ ജീവന്‍ കയ്യിലിട്ട് പന്താടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
സംസ്ഥാനങ്ങള്‍ക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത സമ്മാനിക്കുന്നതാണ് പുതിയ വാക്സിന്‍ നയം. ഇതുമൂലം പൊതുവിപണിയില്‍ നിന്നും സംസ്ഥാനങ്ങള്‍ പണം കൊടുത്ത് വാക്സിന്‍ വാങ്ങേണ്ട സ്ഥിതിയാണുള്ളത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതുമില്ല. ഇത് പ്രതിഷേധാര്‍ഹമാണ്.
വാക്സിന്‍ വിതരണത്തിലൂടെ ഇന്ത്യയില്‍ ബഹുരാഷ്ട്ര മരുന്ന് കമ്പിനികള്‍ക്ക് വലിയൊരു വിപണി തുറന്നിട്ടു കൊടുത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പുതിയ നയം അനുസരിച്ച് മെയ് ഒന്നു മുതല്‍ സ്വകാര്യ ആശുപത്രികളും വാക്സീന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് വാങ്ങണം. ഇതിന്റെ ഫലമായി സ്വകാര്യ ആശുപത്രികളില്‍ വാക്സിന്‍ കുത്തിവെപ്പ് നിരക്ക് കുത്തനെ ഉയരും. കൂടാതെ വാക്സിന്‍ ക്ഷാമം രാജ്യത്ത് രൂക്ഷമാണ്. കേന്ദ്രസര്‍ക്കാരിന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വാക്സിനുകളില്‍ 50 ശതമാനവും കയറ്റുമതി ചെയ്യുകയാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
വാക്സിന്‍ വിതരണത്തില്‍ കേരളം കടുത്ത അലംഭാവമാണ് കാണിക്കുന്നത്. ആവശ്യമായ വാക്സിനുകള്‍ ശേഖരിക്കുന്നതിലും വീഴ്ചവരുത്തി. കേരളത്തിന്റെ പല വാക്സിന്‍ കേന്ദ്രങ്ങളും ഇപ്പോള്‍ കൊവിഡ് വ്യാപന കേന്ദ്രങ്ങളായി മാറുകയാണ്. അസാധാരണമായ തിക്കും തിരക്കുമാണ് ഇവിടെങ്ങളില്‍ അനുഭവപ്പെടുന്നത്. ആവശ്യമായ മുന്‍കരുതല്‍ എടുക്കാന്‍ കേരള സര്‍ക്കാര്‍ ഇതുവരെ തയ്യാറായില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.