തൊടുപുഴ : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്ക് ഉയരുന്നു. രാവിലെ ആറു മണയിലെ കണക്ക് പ്രകാരം നിലവില്‍ 136.80 അടിയിലാണ് ജലനിരപ്പ്. ജലനിരപ്പ് 138 അടിയിലേക്ക് എത്തുന്നതോടെ രണ്ടാമത്തെ അറിയിപ്പ് തമിഴ്നാട് കേരളത്തിന് നല്‍കും. ജലനിരപ്പ് 136 അടിയില്‍ എത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം കേരളത്തിന് ആദ്യ അറിയിപ്പ് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയിരുന്നു. 140 അടിയില്‍ ആദ്യ മുന്നറിയിപ്പും 141 അടിയില്‍ രണ്ടാമത്തെ മുന്നറിയിപ്പും 142 അടിയില്‍ മൂന്നാമത്തെയും അവസാനത്തെയും മുന്നറിയിപ്പ് തമിഴ്നാട് കേരളത്തിന് നല്‍കും. ഇതിന് പിന്നാലെ സ്പീല്‍വേയിലൂടെ വെള്ളം ഒഴുക്കി വിടാന്‍ നടപടി സ്വീകരിക്കും.
അതേസമയം, തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ അളവ് സെക്കന്‍ഡില്‍ 2150 ഘനയടിയാണ്. ഈ വെള്ളത്തിന്‍റെ അളവ് ഉയര്‍ത്തണമെന്ന് തമിഴ്നാടിനോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. സ്പീല്‍വേയിലൂടെ ചെറിയ തോതില്‍ വെള്ളം ഒഴുക്കി വിടാന്‍ തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചിരുന്നു. മുല്ലപ്പെരിയാറില്‍ നിന്ന് സ്പില്‍വേയിലൂടെ ഒഴുക്കിവിടുന്ന വെള്ളം ഇടുക്കി ജല സംഭരണിയിലേക്കാണ് എത്തുന്നത്. ഈ വെള്ളം ഉള്‍കൊള്ളാനുള്ള ശേഷി ഇടുക്കി അണക്കെട്ടിനുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.