മുംബൈ : ശനിയാഴ്ച രാവിലെ സെന്‍ട്രല്‍ മുംബൈയിലെ ടാര്‍ഡിയോ ഏരിയയിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ 18-ാം നിലയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. അവരില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഗോവാലിയ ടാങ്കിലെ ഗാന്ധി ഹോസ്പിറ്റലിന് എതിര്‍വശത്തുള്ള കമല കെട്ടിടത്തിലാണ് രാവിലെ ഏഴ് മണിയോടെ തീപിടിത്തമുണ്ടായതെന്ന് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) ഉദ്യോഗസ്ഥര്‍ പറഞ്ഞു. 20ല്‍ കൂടുതല്‍ നിലകളുള്ള കെട്ടിടമാണിത്. ഇതിന്റെ 18-ാം നിലയിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി. പതിമൂന്ന് ഫയര്‍ എഞ്ചിനുകളും ഏഴ് വാട്ടര്‍ ജെട്ടികളും ഉള്‍പ്പെടെയുള്ളവ അഗ്‌നിശമന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 15 പേരെ അടുത്തുള്ള ഭാട്ടിയ ആശുപത്രിയിലും മറ്റ് നാല് പേരെ നായര്‍ ആശുപത്രിയിലും എത്തിച്ചു. ഇവരില്‍ രണ്ടുപേര്‍ മരിച്ചതായി നായര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ബാക്കിയുള്ള രണ്ട് പേരുടെ നില തൃപ്തികരമാണെന്നും അവര്‍ ചികിത്സയിലാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റ 15 പേരില്‍ 12 പേരെ ജനറല്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതായി ഭാട്ടിയ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. മറ്റ് മൂന്ന് പേരുടെ നില ഗുരുതരമാണ്, അവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.