മുംബൈ: ഡോക്ടറുടെ അപ്പോയിൻമെന്റ് എടുക്കാൻ ശ്രമിക്കുന്നതിനിടെ ഓൺലൈൻ ചതിക്കുഴിയിൽ അകപ്പെട്ട് യുവതി. മുംബൈ സ്വദേശിനിയായ യുവതിയാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. ചെമ്പൂരിലെ ആശുപത്രിയിൽ ഡോക്ടറുടെ അപ്പോയിൻമെന്റ് ലഭിക്കാൻ യുവതി ഓൺലൈനിൽ നമ്പർ തിരഞ്ഞെതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ഓൺലൈനിൽ നിന്നും ലഭിച്ച നമ്പറിൽ വിളിച്ച് അപ്പോയിൻമെന്റ് ബുക്ക് ചെയ്യുന്നതിനിടെയാണ് കബളിപ്പിക്കപ്പെട്ടത്. ഹോസ്പിറ്റൽ അധികൃതർ എന്ന വ്യാജേന യുവതിയുമായി സംസാരിച്ച തട്ടിപ്പുകാർ ഒന്നര ലക്ഷം രൂപയാണ് കൈകലാക്കിയത്. പല സ്ഥാപനങ്ങളുടെയും വ്യാജ നമ്പറുകൾ ഓൺലൈനിൽ നൽകിയാണ് തട്ടിപ്പുകാർ വല വിരിക്കുന്നത്.
തട്ടിപ്പുകളും വഞ്ചനകളും നടത്താനായി സൈബർ കുറ്റവാളികൾ ഇന്റർനെറ്റിനെ ദുരുപയോഗം ചെയ്യുന്ന സാഹചര്യങ്ങൾ വർദ്ധിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി തട്ടിപ്പുകാരെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. ഇത്തരം ഓൺലൈൻ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. ഓൺലൈനിൽ നമ്പർ തിരയുമ്പോൾ അതത് സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ പരമാവധി സന്ദർശിക്കാൻ ശ്രമിക്കുക. വിശ്വാസയോഗ്യമല്ലാത്ത സൈറ്റുകളിൽ നിന്നും ലഭ്യമാക്കുന്ന നമ്പറുകൾ ഭൂരിഭാഗവും വ്യാജമായതിനാൽ, തട്ടിപ്പുകളിൽ വീഴാനുള്ള സാധ്യത കൂടുതലാണ്.