തിരുവനന്തപുരം: മുണ്ടക്കൈ ഉരുൾപൊട്ടലിൽ തകർന്ന വയനാട് വെള്ളാർമല ഗവൺമെന്റ് വിഎച്ച്എസ്എസിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി. 55 കുട്ടികളാണ് ഇത്തവണ സ്‌കൂളിൽ എസ്എസ്എൽസി എഴുതിയത്. മുണ്ടക്കൈ ദുരന്തത്തിന്റെ നോവായി മാറിയ മുഖമായിരുന്നു വെള്ളാർമല ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഉണ്ണി മാഷ്. ഉരുൾപൊട്ടലിൽ സ്‌കൂളിന് നഷ്ടമായത് മുപ്പതോളം കുരുന്നുകളെയായിരുന്നു. തന്റെ പ്രിയപ്പെട്ട വിദ്യാർഥികളെ ഓർത്ത് വിങ്ങിപ്പൊട്ടുന്ന പ്രധാനാധ്യാപകനായ ഉണ്ണികൃഷ്ണൻ എന്ന ഉണ്ണിമാഷ് എല്ലാവരെയും കണ്ണീരണിയിച്ചിരുന്നു.
ഉണ്ണികൃഷ്ണൻ 18 വർഷമായി സേവനമനുഷ്ഠിക്കുന്ന സ്‌കൂളായിരുന്നു വെള്ളാർമല ഗവ. വിഎച്ച്എസ്എസ്. സ്‌കൂളിന് സമീപത്ത് താമസിക്കുന്ന ഈ അധ്യാപകൻ ആലപ്പുഴ സ്വദേശിയാണ്. മഹാദുരന്തത്തിൽ സ്‌കൂളിന്റെ മൂന്ന് കെട്ടിടങ്ങളാണ് മണ്ണോടുചേർന്നത്. ശേഷിച്ച മൂന്ന് കെട്ടിടങ്ങൾ ചെളിനിറഞ്ഞും കടപുഴകിയെത്തിയ മരങ്ങളും പാറയും വന്നിടിച്ചും പിളർന്നുപോയി. തകർന്ന കെട്ടിടങ്ങൾക്ക് പകരം ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ആധുനിക സൗകര്യങ്ങളോടുള്ള ക്ലാസ് മുറികൾ നിർമിച്ചു നൽകിയിരുന്നു. മൂന്ന് കോടി രൂപ ചെലവഴിച്ച് 12 ക്ലാസ് മുറികളും 16 ശുചിമുറികളും ആണ് നിർമിച്ചു നൽകിയത്.