പാലക്കാട് : മുണ്ടൂർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം കൈമാറും. അമ്മയുടെ വിദഗ്ധ ചികിത്സയ്ക്കായി 1 ലക്ഷം രൂപയും കൈമാറും. യുവാവിന്റെ മൃതദേഹവുമായി പ്രതിഷേധിക്കുമെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ഞായറാഴ്ച വൈകീട്ട് 7 മണിയോടെയാണ് അലനും അമ്മയ്ക്കും നേരെ കാട്ടാന ആക്രമണം ഉണ്ടായത്. അലനും അമ്മ വിജിയും വീട്ടിലേക്ക് നടന്ന് പോവുകയായിരുന്നു. ഈ സമയം കണ്ണാടൻ ചോലയിൽ വെച്ചാണ് കാട്ടാന ഇവരെ ആക്രമിച്ചത്. പാലക്കാട് മുണ്ടൂരിൽ നടന്ന കാട്ടാന ആക്രമണം ദാരുണമായ സംഭവമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങൾ നേരത്തെ തന്നെ സ്വീകരിച്ചിരുന്നു. എന്നാൽ സോളാർ ഫെൻസിംഗ് തകർത്താണ് ആന എത്തിയത്. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ കൃത്യമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കലക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് കലക്‌ടറും വനം വകുപ്പ് ഉദ്യോഗസ്ഥരം യോഗം ചേരും. കൂടുതൽ ആർആർടിമാരെ എത്തിക്കും. ജനങ്ങൾ ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ നടന്നില്ല എന്ന് പറയാൻ പറ്റില്ല. വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ പൂർണ്ണമായും ഫലം കാണുന്നില്ല. സമാധാന അന്തരീക്ഷം ഉണ്ടാക്കാനുള്ള ശ്രമം കലക്ടറുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ജനങ്ങളുടെ ആക്ഷേപം തള്ളി കളയുന്നില്ലെന്നും അത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.