ആലപ്പുഴ: ആലപ്പുഴ നഗരസഭ അധ്യക്ഷയെ തെരഞ്ഞെടുത്തതിനെച്ചൊല്ലിയുള്ള വിഭാഗീയതയെ തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇരവുകാട് വാര്‍ഡില്‍നിന്നും
രണ്ടാംതവണ വിജയിച്ച സൗമ്യരാജിനെയാണ് നഗരസഭാ ചെയര്‍പേഴ്സണായി പാര്‍ട്ടി തെരഞ്ഞെടുത്തത്. എന്നാല്‍,
നെഹ്റുട്രോഫി വാര്‍ഡില്‍നിന്ന് വിജയിച്ച പാര്‍ട്ടിയിലെ സീനിയര്‍ നേതാവ് കെ.കെ. ജയമ്മക്ക് അധ്യക്ഷപദവി നല്‍കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകള്‍ അടക്കമുള്ള നൂറുകണക്കിന് പ്രവര്‍ത്തകര്‍ കൊടികളുമായി തെരുവിലിറങ്ങിയത്. ഏരിയകമ്മിറ്റിയില്‍ ഇരുവര്‍ക്കും രണ്ടരവര്‍ഷം വീതംവെക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചനടത്തിയെങ്കിലും ധാരണയായിരുന്നില്ല.
ജില്ലാ സെക്രട്ടേറിയേറ്റംഗം പി.പി. ചിത്തരഞ്ജന്‍ അടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് പരസ്യമായ പ്രതിഷേധപ്രകടനം. ലക്ഷങ്ങള്‍ കോഴ വാങ്ങി പ്രസ്ഥാനത്തെ വഞ്ചിച്ചതായാണ് മുദ്രാവാക്യം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടി വിജയിച്ച ഏകസീറ്റായ ആലപ്പുഴയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനടക്കമെതിരെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത് പാര്‍ട്ടിയെ മൊത്തത്തില്‍ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.