പത്തനംതിട്ട : നഗരത്തിൽ അമൃത് മിത്ര പദ്ധതിയ്ക്ക് തുടക്കമായി. പൂന്തോട്ട പരിപാലനം, വാട്ടർ അതോറിറ്റി മീറ്റർ റീഡിംഗ്, ജല ഉപഭോക്തൃ ചാർജുകളും വസ്തു നികുതിയും ശേഖരിക്കൽ, പൈപ്പ് ലൈനുകളിലെ ചോർച്ച കണ്ടെത്തൽ, ജലസംരക്ഷണം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി വരുന്നത്. ഇതിൻ്റെ ആദ്യഘട്ടത്തിനാണ് നഗരത്തിൽ തുടക്കമായിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പൂച്ചെടികളുടെയും തണൽമരങ്ങളുടെയും പരിപാലനത്തിനുള്ള ആദ്യ സംഘം പ്രവർത്തനം ആരംഭിച്ചു. നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നഗരത്തിലെ പ്രധാന നിരത്തുകളായ ജനറൽ ആശുപത്രി – മിനി സിവിൽ സ്റ്റേഷൻ റോഡ്, കുമ്പഴ എന്നിവിടങ്ങളിൽ റോഡുവക്കിൽ സ്ഥാപിച്ചിരുന്ന ചട്ടികളിൽ പൂച്ചെടികളുടെ പരിപാലനം ഉറപ്പാക്കിയിട്ടുണ്ട്. നിർമ്മാണം പൂർത്തിയാകുന്ന ടൗൺ സ്ക്വയർ, നവീകരിച്ച നഗരസഭാ ബസ്റ്റാൻഡ് എന്നിവയോട് ചേർന്ന് വെച്ചുപിടിപ്പിക്കുന്ന പൂച്ചെടികളുടെയും തണൽമരങ്ങളുടെയും പരിപാലനവും പദ്ധതിയുടെ ഭാഗമാകും.
നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പൊതു ആവശ്യകത മനസ്സിലാക്കി ചടുലമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനാലാണ് ജില്ലയിൽ ആദ്യമായി പദ്ധതിയ്ക്ക് തുടക്കം കുറിക്കാൻ നഗരസഭയ്ക്കായത് എന്ന് അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജറി അലക്സ്, കൗൺസിലർ വിമല ശിവൻ മുനിസിപ്പൽ എൻജിനീയർ സുധീർ രാജ്, കുടുംബശ്രീ മെമ്പർ സെക്രട്ടറി മിനി എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങളായ വനിതകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് ഒരാഴ്ചത്തെ പരിശീലനം നൽകിയിരുന്നു. ആറ് പേരെ മൂന്ന് സംഘമായി തിരിച്ചാണ് നിയോഗിച്ചിട്ടുള്ളത്. പദ്ധതി പൂർണ്ണ തോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ നിർധനരായ നിരവധി കുടുംബങ്ങൾക്ക് വരുമാനം ഉറപ്പാക്കാനും സാധിക്കും.