പത്തനംതിട്ട : ജില്ലാ ആസ്ഥാനത്തെ പത്തനംതിട്ട നഗരസഭ ഇനി ഇടതുപക്ഷം ഭരിക്കും. വിമതരായി ജയിച്ച മൂന്നു കൌണ്‍സില്‍ അംഗങ്ങളും കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കാന്‍ തയ്യാറല്ല. എന്നാല്‍ എസ്.ഡി.പി.ഐ ഇടതുപക്ഷത്തിന് പിന്തുണ നല്‍കാന്‍ തയ്യാറുമാണ്. എങ്ങനെയും അധികാരത്തില്‍ എത്തുകയാണ് എല്‍.ഡി.എഫിന്റെ ലക്ഷ്യം. ഇത് വീണാ ജോര്‍ജ്ജ് എം.എല്‍.എ യുടെ അഭിമാന പ്രശ്നമാണ്.
ജില്ലാ സ്റ്റേഡിയം വിട്ടുകൊടുത്താല്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും എം.എല്‍.എ ഫണ്ടില്‍ നിന്നും തുക ചെലവഴിച്ചും പത്തനംതിട്ടയില്‍ ആധുനിക സ്റ്റേഡിയം നിര്‍മ്മിക്കാമെന്ന് എം.എല്‍.എ പറഞ്ഞിരുന്നു. അതിനുവേണ്ടി ആവുന്നത്ര ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യു.ഡി.എഫ് ഭരിക്കുന്ന പത്തനംതിട്ട നഗരസഭ എട്ടിനും ഏഴിനും അടുത്തില്ല. ഇതിനെത്തുടര്‍ന്ന് എം.എല്‍.എ നേത്രുത്വം കൊടുത്ത നിരവധി സമരങ്ങള്‍ പത്തനംതിട്ടയില്‍ അരങ്ങേറി. എന്നാല്‍ നഗരസഭയുടെ ഭരണപക്ഷം ഉറച്ച തീരുമാനത്തിലായിരുന്നു. ഏക്കറുകണക്കിനുള്ള നഗരസഭാ സ്റ്റേഡിയം കേരള സര്‍ക്കാരിനോ മറ്റേതെങ്കിലും എജന്‍സിക്കോ തീറെഴുതി നല്‍കാനാവില്ലെന്നും ഇത് നഗരസഭയിലെ ജനങ്ങളുടെ സ്വത്താണെന്നും നഗരസഭ വാദിച്ചു. ഭാവിയില്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് ജില്ലാ സ്റ്റേഡിയവും വസ്തുവകകളും കൈമാറാനുള്ള ഗൂഡ നീക്കമാണെന്ന് തിരിച്ചറിഞ്ഞ യു.ഡി.എഫ് അംഗങ്ങള്‍ ഇടതുപക്ഷത്തിന്റെ നീക്കത്തെ ശക്തമായി എതിര്‍ത്തു. എല്‍.ഡി.എഫ് ഭരണം നടത്തുന്ന ഊരാളുങ്കല്‍ സൊസൈറ്റിക്കുവേണ്ടിയാണ് ആറന്മുള എം.എല്‍.എ വീണാ ജോര്‍ജ്ജും ഇടതുപക്ഷ സര്‍ക്കാരും നീങ്ങുന്നതെന്നാണ് യു.ഡി.എഫ് നേതാക്കളുടെ ശക്തമായ ആരോപണം.
പത്തനംതിട്ട നഗരസഭയുടെ ഭരണം ഒരുദിവസമെങ്കിലും കൈപ്പിടിയില്‍ ഒതുക്കി എങ്ങനെയും ആധുനിക ജില്ലാ സ്റ്റേഡിയം പദ്ധതി നടപ്പിലാക്കുവാനും അതുവഴി തന്റെ പദ്ധതിക്ക് തടസ്സം നിന്നവരോട് പ്രതികാരം ചെയ്യുവാനുമാണ് വീണാ ജോര്‍ജ്ജിന്റെ നീക്കം. അതിന് എസ്.ഡി.പി.ഐയുമായോ മറ്റാരെങ്കിലുമായോ ചങ്ങാത്തം കൂടുവാനും തയ്യാറാണ്. എസ്.ഡി.പി.ഐയുടെ പിന്തുണയോടെ പത്തനംതിട്ട നഗരസഭാ ഭരണം വേണ്ടെന്ന് എല്‍.ഡി.എഫും യു.ഡി.എഫും കഴിഞ്ഞദിവസം വീരവാദം മുഴക്കിയിരുന്നു. എന്നാല്‍ തന്ത്രത്തിലൂടെ ജില്ലാ ആസ്ഥാനത്തെ നഗരസഭയുടെ ഭരണം കയ്യാളാനാണ് എല്‍.ഡി.എഫിന്റെ നീക്കം. സീറ്റ് ചോദിച്ചിട്ടും നല്കാതിരുന്നതിലുള്ള രോഷം വിമതരും ശരിക്ക് ഉപയോഗിക്കുന്നുണ്ട്.
ഭരണത്തിലേറി തൊട്ടടുത്ത ദിവസംതന്നെ ജില്ലാ സ്റ്റേഡിയത്തിന്റെ എം.ഒ.യു ഒപ്പിടാനാണ് നീക്കം. പത്തനംതിട്ട നഗരസഭയുടെ മുന്‍ ചെയര്‍മാന്‍ അഡ്വ. എ.സക്കീര്‍ ഹുസൈന്‍ ആയിരിക്കും നഗരസഭയുടെ ചെയര്‍മാന്‍. ജില്ലാ സ്റ്റേഡിയത്തിന്റെ എഗ്രിമെന്റ് കഴിഞ്ഞാല്‍ ഭരണത്തില്‍ എല്‍.ഡി.എഫ് കൂടുതല്‍ താല്‍പ്പര്യമെടുക്കില്ല, കാരണം എസ്.ഡി.പി.ഐയുമായി ഏറെ മുന്നോട്ടു പോകുവാന്‍ കഴിയില്ല എന്നതുതന്നെ.
വിമതരായി ജയിച്ച കൌണ്‍സില്‍ അംഗങ്ങളെ ചാക്കിടാന്‍ യു.ഡി.എഫ് ശ്രമിച്ചെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. നഗരസഭ 29 അഴൂര്‍ വാര്‍ഡില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ഥിയായ അനില്‍ തോമസിനോട് പൊരുതി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച അജിത് ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. കോണ്‍ഗ്രസ് എന്നു പറഞ്ഞാല്‍ ജീവന്‍ കളയാന്‍ തയ്യാറായിരുന്ന അജിത്തിന്റെ ഇപ്പോഴത്തെ ആവശ്യം നഗരസഭാ ചെയര്‍മാന്‍ പദവിയാണ്, എന്നാല്‍ അത് നല്‍കാന്‍ കോണ്‍ഗ്രസ്സും യു.ഡി.എഫും തയ്യാറല്ല.
പതിനഞ്ചാം വാര്‍ഡില്‍ വിജയിച്ചത് അംഗണവാടി ടീച്ചറായ ഇന്ദിരാമണിയമ്മയാണ്. പരമ്പരാഗതമായി കോണ്‍ഗ്രസ്സിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച ഇവര്‍ക്കും സീറ്റ് നല്‍കിയില്ല. എന്നാല്‍ ആ വാര്‍ഡിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നടങ്കം അവര്‍ക്ക് സീറ്റ് നല്‍കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനത്തെ അട്ടിമറിച്ചു. വന്‍ ഭൂരിപക്ഷത്തില്‍ അവിടെ ഇന്ദിരാമണിയമ്മയും വിജയിച്ചു.
നഗരസഭയുടെ വാര്‍ഡ് 21ല്‍ ജയിച്ചത് കോണ്‍ഗ്രസ് വിമത ആമിന ഹൈദരാലിയാണ്. കഴിഞ്ഞ നഗരസഭാ കൌണ്‍സിലില്‍ അംഗമായിരുന്നു. ഭര്‍ത്താവ് ഹൈദരാലി മരിച്ചപ്പോള്‍ വന്ന ഒഴിവിലാണ് ആമിന മത്സരിച്ചു ജയിച്ചത്. വാര്‍ഡില്‍ എന്നല്ല പത്തനംതിട്ട നഗരത്തിലെ സജീവ സാന്നിധ്യമായിരുന്നു മരിച്ച ഹൈദരാലി. കുമ്പഴയിലെ മത്സ്യ മൊത്തക്കച്ചവടം നിയന്ത്രിക്കുന്നതും ഇവരാണ്. ഇക്കുറി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഇവര്‍ക്കും സീറ്റ് നിഷേധിച്ചു. സ്വതന്ത്രയായി മത്സരിച്ച് നല്ല ഭൂരിപക്ഷത്തില്‍ ഇവര്‍ വിജയിച്ചു. എന്നാല്‍ ഇവരുടെ വിജയം അറിഞ്ഞതോടെ എസ്.ഡിപി.ഐ അവരുടെ അക്കൌണ്ടിലേക്ക് ഇവരുടെ വിജയം മാറ്റിയിരുന്നു. എസ്.ഡി.പി.ഐയുടെ പിന്തുണയോടെയാണ് ഇവര്‍ വിജയിച്ചതെന്നായിരുന്നു അവരുടെ അവകാശവാദം.
ഇതിനു പിന്നിലും മറ്റൊരു ഗൂഡലക്‌ഷ്യം ഉണ്ടായിരുന്നു. നിലവില്‍ പത്തനംതിട്ട നഗരസഭയില്‍ യു.ഡി.എഫ് – 13, എല്‍.ഡി.എഫ് 13, കോണ്‍ഗ്രസ് വിമതര്‍ 3, എസ്.ഡി.പി.ഐ 3 എന്നിങ്ങനെയാണ് കക്ഷിനില. നാലുപേര്‍ എസ്.ഡി.പി.ഐ അക്കൌണ്ടില്‍ ഉണ്ടെങ്കില്‍ കേവലഭൂരിപക്ഷത്തിന് വേണ്ട 17 അംഗങ്ങള്‍ എല്‍.ഡി.എഫിനോ യു.ഡി.എഫിനോ ലഭിക്കും. പത്തനംതിട്ട നഗരസഭയില്‍ ആകെ 32 അംഗങ്ങളാണ് ഉള്ളത്. ഇരുമുന്നണികളോടും കടുത്തഭാഷയില്‍ വിലപേശാനുള്ള നീക്കമായിരുന്നു ഇത്. എന്നാല്‍ ഈ ഉദ്യമം നിലവില്‍ വിജയിച്ചില്ല.
ഇന്ദിരാമണിയമ്മ വിജയിച്ചത് അറിഞ്ഞ അന്ന് തന്നെ വീണാ ജോര്‍ജ്ജ് എം.എല്‍.എ വീട്ടിലെത്തി എല്‍.ഡി.എഫിന് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു. വീണാ ജോര്‍ജ്ജിന്റെ കുടുംബവീട് കുമ്പഴയില്‍ ആയതിനാല്‍ പഴയ സൗഹൃദവും അവര്‍ ഉപയോഗിച്ചു. എന്നാലും ഇന്ദിരാമണിയമ്മ ഇതുവരെയും മനസ്സ് തുറന്നിട്ടില്ല. കാരണം വാര്‍ഡിലെ ജനങ്ങള്‍ നല്‍കിയ വിശ്വാസം കേവലം രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി പെട്ടെന്ന് കളഞ്ഞുകുളിക്കാന്‍ അവര്‍ക്ക് മടിയുണ്ട്. എന്തായാലും കാത്തിരുന്നു കാണാം പത്തനംതിട്ടയിലെ രാഷ്ട്രീയ കളികള്‍.