ഇടുക്കി : മൂന്നാറില്‍ പെയ്ഡ് ക്വാറന്റീനില്‍ കഴിഞ്ഞ 15 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കന്യാകുമാരിയില്‍ നിന്ന് മടങ്ങി വന്ന മത്സ്യത്തൊഴിലാളികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 41 പേരാണ് ഈ സംഘത്തില്‍ ഉണ്ടായിരുന്നത്. രോഗം സ്ഥിരീകരിച്ചവരെ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞമാസം 17 മുതല്‍ മൂന്നാര്‍ ടീ കൗണ്ടി റിസോര്‍ട്ടിന് സമീപത്തുള്ള ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇവര്‍. ഇന്നത്തെ പതിവ് കണക്കുകള്‍ വന്നതിനു ശേഷമാണു ഇവരുടെ പരിശോധന ഫലം പുറത്തുവന്നത്.
വൈകുന്നേരം വരെയുള്ള കണക്കുകള്‍ പ്രകാരം ഇടുക്കിയില്‍ ഇന്ന് 14 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്. ഇതില്‍ രണ്ടു പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറു പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇന്ന് കോവിഡ് സ്ഥിരികരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ ആകെ കോവിഡ് കണക്ക് വീണ്ടും ഉയര്‍ന്നിട്ടുണ്ട്.