ഇടുക്കി : കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറില്‍ നടത്തിയ സിഎസ്‌ഐ ധ്യാനത്തില്‍ പങ്കെടുത്ത ഒരു വൈദികന്‍ കൂടി മരിച്ചു. അമ്പലക്കാല ഇടവകയിലെ ഫാദര്‍ ബിനോ കുമാറാണ് മരിച്ചത്. കൊവിഡ് ബാധിച്ച് കാരക്കോണം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേയാണ് ബിനോ കുമാര്‍ മരിച്ചത്. ഇതോടെ ധ്യാനത്തില്‍ പങ്കെടുത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികരുടെ എണ്ണം മൂന്നായി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറില്‍ ധ്യാനം നടത്തിയതിനെതിരെ പോലീസ് കേസെടുത്തിരുന്നു.
ധ്യാനം നടത്തിയത് കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചാണെന്നാണ് ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ട്. 13 മുതല്‍ 17 വരെയുള്ള തിയതികളിലായി നടന്ന ധ്യാനത്തില്‍ 450 പേര്‍ പങ്കെടുത്തെന്നാണ് കണ്ടെത്തല്‍. മാസ്‌ക് വെക്കുന്നതില്‍ അലംഭാവം കാണിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. വിവാദ സിഎസ്‌ഐ ധ്യാനത്തിന്റെ സംഘാടകര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബിഷപ്പ് റസാലവും വൈദികരും കേസില്‍ പ്രതികളാകും.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കഴിഞ്ഞ ഏപ്രില്‍ 13 മുതല്‍ 17 വരെ മൂന്നാര്‍ സിഎസ്‌ഐ പള്ളിയില്‍ ധ്യാനം നടത്തിയത്. കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ പരമാവധി പരിപാടികള്‍ ഓണ്‍ലൈനായി നടത്തണമെന്ന് ഏപ്രിലില്‍ തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. മാത്രമല്ല ഇടുക്കിയിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഏപ്രില്‍ 12 മുതല്‍ ജില്ലയിലെ പൊതുപരിപാടികള്‍ക്ക് ജില്ലാ ഭരണകൂടം വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ഇക്കാര്യം അറിയാമായിരുന്നെന്ന് വിശദീകരണ കുറിപ്പില്‍ സിഎസ്‌ഐ സഭ വ്യക്തമാക്കിയിട്ടുമുണ്ട്.
അഞ്ച് ദിവസം നീണ്ട ധ്യാനത്തില്‍ പങ്കെടുത്ത 480 വൈദികരില്‍ ബിഷപ്പടക്കം എണ്‍പതോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ധ്യാനത്തിന് ശേഷവും തിരിച്ചെത്തിയ വൈദികര്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാതെ സഭാ വിശ്വാസികളുമായി അടുത്തിടപഴകുകയും ചെയ്ത സാഹചര്യത്തിലാണ് സഭയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ 27ന് സഭാ വിശ്വാസിയായ തിരുവനന്തപുരം സ്വദേശി മോഹനന്‍ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്.