മാമലക്കണ്ടം വഴി മൂന്നാറും കണ്ട് മറയൂർ വഴി കറങ്ങി വന്നാലോ. അതും ചെലവ് കുറഞ്ഞൊരു യാത്ര. കൊട്ടാരക്കര കെ എസ് ആർ ടി സിയാണ് മനോഹരമായൊരു യാത്ര പ്ലാൻ ചെയ്യുന്നത്. കൊട്ടാരക്കരയിൽ നിന്നും കൂടുതൽ പേർ പോകാനാഗ്രഹിക്കുന്ന ബജറ്റ് ടൂറിസം സെൽ പാക്കേജ് കൂടിയാണ് ഇത്.
യാത്രയെ കുറിച്ച്കെഎസ്ആർടിസി പങ്കുവെച്ച കുറിപ്പ് വായിക്കാം
‘പച്ചപ്പ് തേടി ഒരു മാമലകണ്ടം-മൂന്നാർ യാത്ര അതിപ്പോ എന്താ ഇത്ര കണ്ടു പുതുമ എന്ന് ചോദിച്ചാൽ പോകുന്ന റൂട്ട് തന്നെ. സോഷ്യൽ മീഡിയ കുലുക്കി മറിച്ചു ലൈക് നേടിയ സ്വന്തമായി ഒരു കുഞ്ഞു വെള്ളച്ചാട്ടമുള്ള “മ്മ്‌ടെ സ്വന്തം മാമലക്കണ്ടം സ്കൂളും പുലിമുരുകൻ സിനിമക്ക് ഷൂട്ടിംഗ് ലൊക്കേഷൻ ആയ കുട്ടൻ പുഴയും തട്ടേക്കാടിന്റ വശ്യതയും, ഭൂതത്താൻ കെട്ടിന്റെ ഭംഗിയും ആസ്വദിച്ചു നേരെ വെച്ചു പിടിക്കും അങ്ങ് മാങ്കുളത്തേക്ക്. ഉച്ചക്ക് പിടക്കണ മീനും കൂട്ടി ഒരു തട്ടുപൊളിപ്പൻ ലഞ്ചും കഴിഞ്ഞ് ഒറ്റ വിടീലാണ് അങ്ങ് ആനക്കുളത്തേക്ക്. അതെന്തേ ഈ ആനക്കുളത്തിന് ഇത്ര കാര്യം എന്ന് ചോദിച്ചാൽ മിക്കവാറും സമയവും നല്ല ചേലൊത്ത കരിവീരൻമാരുടെ കൂട്ടം നുരഞ്ഞു പൊങ്ങുന്ന വെള്ളം കുടിക്കാൻ അവിടെ ഉണ്ടാകും എന്നത് തന്നെ. പിന്നെ നല്ല ഒരു ചിത്രം വരച്ചപോലെ മനം കവരുന്ന പഴമയുടെ പെരുമയേറുന്ന തേയില തോട്ടങ്ങളും കടന്ന് മൂന്നാറിന്റെ കുളിരണിയിക്കുന്ന തണുപ്പിൽ ഒരു ഉറക്കമൊക്കെ പാസാക്കി രണ്ടാം ദിവസം നേരെ ലക്കം വെള്ളച്ചാട്ടം.
അവിടെ നല്ല അടിപൊളി ഒരു കുളിയൊക്കെ പാസാക്കി മറയൂരും കാന്തല്ലൂരും സൂക്ഷിച്ചുവെച്ചിരിക്കുന്ന അത്ഭുത കാഴ്ചകളായ മുരുകൻ മല, ഇരച്ചിൽ പാറ വെള്ളച്ചാട്ടം, ഭ്രമരം പോയിന്റ് തുടങ്ങി മനസു കുളിരണിയിക്കുന്ന കാഴ്ചകളും കണ്ടു മടക്കം. ബസ് ചാർജ്, ഒരു ദിവസത്തെ ഉച്ചഭക്ഷണം ചായ, മൂന്നാറിലെ എസ് ഡോർമെറ്ററി താമസം എന്നിവ ചേർത്ത് 1750 രൂപയാണ് പാക്കേജിന് ഈടാക്കുന്നത്. ഫാസ്റ്റ് പാസഞ്ചർ ബാസിലായിരിക്കും യാത്ര. ഇതിനോടകം തന്നെ Seat ബുക്കിംഗ് ആരംഭിച്ചു. യാത്രയുടെ തീയതിയും മറ്റ് വിവരങ്ങളും അറിയാൻ 9567124271, 6238752076 ഈ നമ്പറുകളിൽ ബന്ധപ്പെടാം.