മാട്ടുപ്പെട്ടി: മൂന്നാർ- മാട്ടുപ്പെട്ടി റോഡിൽ മുറിവാലൻ എന്ന ആനയുടെ പരാക്രമം. കഴിഞ്ഞ രാത്രി ഒൻപതരയോടെ റോഡിലെത്തിയ ആന അതുവഴി എത്തിയ വാഹനങ്ങളെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. രാത്രി ഒൻപതരയോടെ മൂന്നാറിലേക്ക് വരുകയായിരുന്ന യാത്രക്കാരാണ് മുറിവാലനെന്ന വിളിപ്പേരുള്ള കാട്ടാനയുടെ മുന്‍പിൽ അകപ്പെട്ടത്. മൂന്നാർ – മാട്ടുപ്പെട്ടി റോഡിലെ ഷൂട്ടിംങ്ങ് പോയിന്റിന് സമീപത്ത് ആനയെ കണ്ടതോടെ റോഡിന് ഇരുഭാഗത്ത് നിന്നും എത്തിയ വാഹനങ്ങൾ നിർത്തുകയായിരുന്നു. ഇതിലൊരു വാഹനം റോഡിൽ നിലയുറപ്പിച്ച ആനയുടെ സമീപത്തുകൂടി വാഹനം എടുക്കാൻ ശ്രമിച്ചു. ഇതോടെ അക്രമാസക്തമായ കാട്ടാന വാഹനം ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. വാഹനം പിറകോട്ട് എടുത്തതോടെയാണ് യാത്രക്കാർ രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മുറിവാലനുമൊത്ത് മുന്നോളം ആനകൾ ഷൂട്ടിംങ്ങ് പോയിന്റിലെ പുൽമേടുകളിൽ ഉണ്ടായിരുന്നു. വിനോദ സഞ്ചാരികൾ ആനകളെ നേരിൽ കാണുകയും ചിത്രങ്ങൾ മൊബൈൽ കാമറകളിൽ പകർത്തിയുമാണ് മടങ്ങിയത്. രാത്രിയായതോടെയാണ് ആനക്കൂട്ടം പതിയെ റോഡിൽ കയറിയത്. മൂന്നാറിലെ പ്രധാന വിനോദ സഞ്ചാര മേഖലയാണ് മാട്ടുപ്പെട്ടി.