മൂന്നാര്‍: കോവിഡ് കാലം ഏറ്റവും തകര്‍ത്തെറിഞ്ഞ മേഖലയാണ് കേരളത്തിലെ ടൂറിസം രംഗം. വിനോദ സഞ്ചാരികളുടെ പറുദീസയായിരുന്ന മുന്നാര്‍ പോലും എല്ലാ അര്‍ത്ഥത്തിലും തകര്‍ന്നു കഴിഞ്ഞു. മുന്നാറിലെ വന്‍കിട ഹോട്ടലുകളും റിസോര്‍ട്ടുകളും അടക്കം വലിയ പ്രതിസന്ധിയെ നേരിടുകയാണ്. കടം പെരുകി പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതുമൂലം മൂന്നാറിലെ വന്‍കിട ഹോട്ടലുകളും റിസോര്‍ട്ടുകളും വില്‍ക്കുകയാണ് ഇപ്പോള്‍.
പള്ളിവാസല്‍, പഴയ മൂന്നാര്‍, മൂന്നാര്‍ ടൗണ്‍ എന്നിവിടങ്ങളിലെ പന്ത്രണ്ടോളം വന്‍കിട സ്ഥാപനങ്ങളാണ് ഉടമകള്‍ വില്‍ക്കാനൊരുങ്ങുന്നത്. മൂന്നാര്‍ കോളനി, ചിത്തിരപുരം, ചിന്നക്കനാല്‍ മേഖലകളില്‍ ഒട്ടേറെ ചെറുകിട ലോഡ്ജുകളും കടബാധ്യത മൂലം വില്‍ക്കാനിട്ടിരിക്കുകയാണ്.
ചില വലിയ റിസോര്‍ട്ടുകള്‍ ഇതിനോടകം വിറ്റുകഴിഞ്ഞു. 2018-ലെ പ്രളയംമുതല്‍ വിനോദസഞ്ചാര മേഖലയ്ക്ക് ഏറ്റ തിരിച്ചടിയാണ് സ്ഥാപനങ്ങള്‍ വിറ്റഴിക്കാന്‍ ഉടമകളെ നിര്‍ബന്ധിതരാക്കിയത്. കോടികള്‍ ബാങ്കുവായ്പയെടുത്താണ് പലരും നക്ഷത്ര ഹോട്ടലുകള്‍ കെട്ടിപ്പൊക്കിയത്. നല്ലരീതിയില്‍ മൂന്നാറിലെ വിനോദസഞ്ചാര മേഖല പോകുന്നതിനിടയിലാണ് 2018-ലെ പ്രളയമുണ്ടായത്. ഇതോടെ മൂന്നാറിലേക്ക് വിനോദസഞ്ചാരികള്‍ എത്താതായി.
2019 അവസാനത്തോടെ ചെറിയ അനക്കംവെച്ചു തുടങ്ങിയെങ്കിലും 2020-ലെ കോവിഡ് വ്യാപനം എല്ലാ പ്രതീക്ഷകളും തകര്‍ത്തു.കഴിഞ്ഞ എട്ടുമാസമായി പൂട്ടിയിട്ടിരിക്കുന്ന സ്ഥാപനങ്ങളിലെ വൈദ്യുതി, ഫോണ്‍, കേബിള്‍ ബില്ലുകളും അത്യാവശ്യ ജീവനക്കാരുടെ ശമ്പളത്തിനുമായി മാസത്തില്‍ ഒരുലക്ഷത്തിലധികം രൂപ കൈയില്‍നിന്ന് മുടക്കേണ്ട അവസ്ഥയിലാണ് ഉടമകള്‍. ഇതുകൂടാതെയാണ് ബാങ്കുകളിലെ വായ്പ കുടിശ്ശികയും.
വരുമാനമില്ലാതായതോടെ കടം പെരുകി ജപ്തി ഭയന്നാണ് സ്ഥാപനങ്ങള്‍ വില്‍ക്കാന്‍ ഉടമകള്‍ ഒരുങ്ങുന്നത്. രണ്ടുവര്‍ഷമായി തകര്‍ന്നുകിടക്കുന്ന മൂന്നാറിലെ ടൂറിസം മേഖലയുടെ പുരോഗതിക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ പ്രഖ്യാപിക്കാത്തത് മേഖലയുടെ തിരിച്ചുവരവില്‍ പ്രതീക്ഷയില്ലാതാക്കിയെന്ന് ഉടമകള്‍ പറയുന്നു.