തിരുവനന്തപുരം : ചെറിയാൻ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് വരികയാണെങ്കിൽ സന്തോഷമെന്ന് കെ.മുരളീധരൻ എംപി. തനിക്കെതിരെ മത്സരിച്ചിരുന്നെങ്കിലും നല്ല അടുപ്പം അദ്ദേഹവുമായുണ്ട്. തന്‍റെ പിതാവുമായും ചെറിയാൻ ഫിലിപ്പിന് നല്ല ബന്ധമായിരുന്നെന്നും ചെറിയാന്‍ ഫിലിപ്പ് നിലപാട് വ്യക്തമാക്കിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മുരളീധരൻ പറഞ്ഞു.
നെതർലാണ്ട്സ് മാതൃകയെ കുറിച്ച് അവിടെപ്പോയി പഠിച്ചശേഷമുള്ള തുടർനടപടി ആർക്കും അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള ചെറിയാന്‍ ഫിലിപ്പിന്‍റെ വിമർശനം. ചെറിയാന്‍റെ ഇപ്പോഴത്തെ നിലപാടിന്‍റെ കാരണം അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രാജ്യസഭാ സീറ്റ് നിഷേധിച്ചത് മുതൽ ഉടക്കിനിൽക്കുന്ന ചെറിയാനെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്ന ഇടത് നേതാക്കൾ മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിൽ കടുത്ത അതൃപ്തരാണ്. കോൺഗ്രസിലേക്ക് ചെറിയാൻ മടങ്ങുന്നുവെന്ന അഭ്യുഹങ്ങൾ ഉയരുന്നുണ്ടെങ്കിലും ചെറിയാൻ ഫിലിപ്പ് ഒന്നും ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. ഇടതിനോട് ഇടയുന്ന ചെറിയാൻ തിങ്കളാഴ്ച ഉമ്മൻചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കുമൊപ്പം ഒരു അവാർഡ് ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.