ഇടുക്കി : ഇടുക്കി ജില്ലയിലെ ജീപ്പ് സവാരികൾക്ക് നിരോധനം ഏർപ്പെടുത്തിയതിൽ നിര്‍ദേശങ്ങളുമായി യുഎൻസിസിഡിയുടെ ജി20 ഗ്ലോബൽ ലാൻഡ് ഇനിഷ്യേറ്റീവിന്‍റെ ഡയറക്ടർ മുരളി തുമ്മാരുകുടി. ഇപ്പോൾ കൊടുത്ത ഉത്തരവ് ഒരു കർശനമായ മുന്നറിയിപ്പായാണ് കണക്കാകക്കേണ്ടത്. 2019ലെ ഉത്തരവിൽ പറഞ്ഞ കാര്യങ്ങളും 2025 ജൂലൈ അഞ്ചിലെ ഉത്തരവിൽ പറഞ്ഞ കാര്യങ്ങളും സംയോജിപ്പിച്ച് വേണ്ടത്ര സുരക്ഷിതമായി ജീപ്പ് സഫാരി നടത്താൻ മൂന്നു മാസത്തെ ഗ്രേസ് പീരീഡ് അനുവദിക്കുക.
ഈ സമയത്ത് മുൻപ് പറഞ്ഞ കമ്മിറ്റിക്ക് വേണ്ടത്ര സമയം എടുത്ത് ലിസ്റ്റും റൂട്ട് മാപ്പും ഒക്കെ ശരിയാക്കാം. സഫാരി ഓപ്പറേറ്റർമാർക്ക് വാഹനങ്ങൾ നന്നാക്കി എടുക്കുകയും ഡ്രൈവർമാർക്ക് പരിശീലനം നൽകുകയും ഒക്കെ ആകാമെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. ഏതൊക്കെ ഡ്രൈവർമാർക്ക് ആണ് പരിശീലനം ഉള്ളത്, ഏത് ഏജൻസികൾക്കാണ് അംഗീകാരം ഉള്ളതെന്നുള്ള വിവരം ഡി ടി പി സി യുടെയോ മറ്റോ വെബ് സൈറ്റിൽ ലഭ്യമാക്കാം. അപ്പോൾ വരുന്ന ടൂറിസ്റ്റുകൾക്കും കൂടുതൽ സുരക്ഷിതമായി തിരഞ്ഞെടുക്കാമല്ലോ. രണ്ട് ലിസ്റ്റിലും ഇല്ലാത്ത ഹെലികോപ്റ്റർ റെസ്ക്യൂ, അഡ്വെഞ്ചർ സ്പോർട്സ് ഇൻഷുറൻസ് എന്നുള്ള വിഷയങ്ങൾ കൂടി ഒന്ന് ശ്രമിക്കണം. കേരളത്തിലെ അഡ്വെഞ്ചർ ടൂറിസം വേറെ ലെവൽ ആക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.