കൊച്ചി: ബാറിലുണ്ടായ തര്‍ക്കത്തിന് ശേഷം പുറത്തിറങ്ങിയ യുവാവ് സുഹൃത്തിനെ ബിയര്‍കുപ്പി പൊട്ടിച്ച് കുത്തിവീഴ്ത്തി. കൊച്ചി സിറ്റി പോലീസിലെ വിവിധ സ്ക്വാഡുകളും രാത്രികാല പട്രോളിംഗ് ടീമുകളും വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ പ്രതി തമ്മനം ലേബര്‍ കോളനിയില്‍ പാലതുരുത്ത് പറമ്പില്‍ വീട്ടില്‍ ഫെബിന്‍ ജോസി (21) യെ അറസ്റ്റ് ചെയ്തു.
വൈറ്റില സഹകരണ റോഡില്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അഖില്‍ വര്‍ഗീസിനാണ് (25) കുത്തേറ്റത്. നെഞ്ചിന് സമീപം ആഴത്തില്‍ മുറിവേറ്റ ഇയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വൈറ്റിലയിലെ ആര്‍ട്ടിക് ബാറിന് സമീപം ഇന്നലെ രാത്രി 11മണിയോടെയാണ് സംഭവം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് അഖിലിനെ ആശുപത്രിയില്‍ എത്തിച്ചത്.
ഫെബിന്റെ സുഹൃത്തിന്റെ കൂട്ടുകാരനാണ് അഖില്‍. കഴിഞ്ഞ ദിവസം രാത്രി ഇരുവരുമുള്‍പ്പെടെ ആറുപേര്‍ ചേര്‍ന്ന് ബാറില്‍ ഒത്തുകൂടി. മദ്യപിക്കുന്നതിനിടെ പരസ്പരം വാക്കുതര്‍ക്കമായി. ബാറില്‍ നിന്ന് പുറത്തിറങ്ങിയെങ്കിലും ഇരുവരും തര്‍ക്കം തുടര്‍ന്നു. ഇതിനിടെ കൈയിലുണ്ടായിരുന്ന ബിയര്‍ കുപ്പി പൊട്ടിച്ച് അഖിലിനെ ഫെബിന്‍ കുത്തുകയായിരുന്നു. പത്തോളം തുന്നിക്കെട്ടുണ്ട്.