പാലാ: പരീക്ഷ എഴുതാന്‍ പോയ പെണ്‍കുട്ടിയെ തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം മുന്‍ കൊലക്കേസ് പ്രതിയായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കടപ്പാട്ടൂര്‍ പുറ്റുമഠത്തില്‍ സന്തോഷ് (അമ്മാവന്‍ സന്തോഷ് -61) ആണ് പോലീസ് പിടിയിലായത്.
ബുധനാഴ്ച പുലര്‍ച്ചെ വെള്ളിയേപ്പള്ളി വലിയമലയ്ക്കല്‍ റ്റിന്റു മരിയ ജോണിനാണ് (26) തലയ്ക്ക് അടിയേറ്റത്. ഇരുമ്പുപാര കൊണ്ടായിരുന്നു ആക്രമണം. 3 വര്‍ഷമായി റ്റിന്റു അമ്മയോടും സഹോദരിയോടുമൊപ്പം വെള്ളിയേപ്പള്ളിയില്‍ വാടകയ്ക്കു താമസിക്കുകയാണ്. തീര്‍ഥാടനകേന്ദ്രങ്ങളില്‍ സ്ഥിരമായി ടിന്റു സന്ദര്‍ശനം നടത്തിയിരുന്നു. സന്തോഷിന്റെ ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്തിരുന്നത്.
സന്തോഷും റ്റിന്റുവും ഇങ്ങനെയാണ് അടുപ്പക്കാരായതെന്ന് പോലീസ് പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് കെഎസ്‌ഇബി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സന്തോഷ്. കെഎസ്‌ആര്‍ടിസി ഡ്രൈവറായി വിരമിച്ചയാളാണ്. കഴിഞ്ഞ ചൊവ്വാഴ്ച റ്റിന്റുവും സന്തോഷും അര്‍ത്തുങ്കലിലും മറ്റും പോയി. വൈകുന്നേരത്തോടെ റ്റിന്റുവിനെ വീട്ടില്‍ എത്തിച്ചു. പിറ്റേന്നു പുലര്‍ച്ചെ വരാമെന്നു സന്തോഷ് പറഞ്ഞിരുന്നു.
ഭാര്യയും 2 പെണ്‍മക്കളുമുള്ള സന്തോഷ് റ്റിന്റുവിനെ എങ്ങനെ ഒഴിവാക്കണമെന്ന് ആലോചിച്ച് അവസാനം വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ നാലോടെ സന്തോഷ് വീട്ടിലെ ഇരുമ്പുപാരയുമായി ബന്ധുവിന്റെ കാറില്‍ യുവതിയുടെ വീടിനു സമീപമെത്തി കാത്തുകിടന്നു. 4.45നു സന്തോഷ് സ്ഥലത്തെത്തിയെന്ന് ഫോണ്‍ വിളിച്ച് ഉറപ്പിച്ച റ്റിന്റു വീട്ടില്‍ നിന്ന് ഇറങ്ങി സന്തോഷിന് അടുത്തെത്തി. ഉടന്‍ ഇരുമ്പുപാരയുമായി സന്തോഷ് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
റ്റിന്റു പ്രാണരക്ഷാര്‍ഥം ഓടിയെങ്കിലും സന്തോഷ് പിന്തുടര്‍ന്ന് പലതവണ തലയ്ക്കടിച്ചു. മരിച്ചെന്നു കരുതി ഫോണും കൈക്കലാക്കി കാറില്‍ കയറിപ്പോയി. കാര്‍ പാലായിലെ വര്‍ക്‌ഷോപ്പില്‍ ഏല്‍പ്പിച്ച ശേഷം തെളിവു നശിപ്പിക്കാനായി റ്റിന്റുവിന്റെ മൊബൈല്‍ ഫോണ്‍ പാലാ പാലത്തില്‍ നിന്ന് മീനച്ചിലാറ്റിലേക്കു വലിച്ചെറിഞ്ഞു. തുടര്‍ന്നു പതിവുപോലെ ടൗണിലെത്തി സന്തോഷ് ഓട്ടോറിക്ഷ ഓടിച്ചതായും പോലീസ് പറയുന്നു.