തൃശൂര്‍ : വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് പെരുമ്പിലാവില്‍ മധ്യവയസ്‌കനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കഞ്ചാവു സംഘത്തിലെ യുവാവ് അറസ്റ്റില്‍. ചാട്ടുകുളം സ്വദേശി വശ്യംവീട്ടില്‍ മന്‍സിഫി (24) നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ജൂണ്‍ 19ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. പെരുമ്പിലാവ് കൊരട്ടിക്കരയില്‍ നില്‍ക്കുകയായിരുന്ന കടവല്ലൂര്‍ പടിഞ്ഞാറ്റുമുറി പരിത്തൂര്‍ വീട്ടില്‍ ഷൈജനെ (50) വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് പ്രതി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.
വെട്ടേറ്റ് പരുക്കേറ്റ ഷൈജനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിലെ അഞ്ചാംപ്രതിയാണ് മന്‍സിഫ്. അടുത്തിടെ പെരുമ്പിലാവ് പാതാക്കരയില്‍ കുന്നംകുളം പോലീസ് സ്റ്റേഷനിലെ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും തുടര്‍ന്നു സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ബൈക്ക് ഉപയോഗിച്ച് രക്ഷപ്പെടുകയും ചെയ്ത സംഭവത്തിലെ പ്രതികളുടെ സംഘത്തില്‍പ്പെട്ടയാളാണ് മന്‍സിഫെന്ന് കുന്നംകുളം പോലീസ് പറഞ്ഞു.