പാലക്കാട് : കുലുക്കല്ലൂര്‍ പഞ്ചായത്തിലെ വണ്ടുംതറ വടക്കുംമുറിയില്‍ ഗൃഹനാഥനെ വീട്ടില്‍കയറി കുത്തി കൊലപ്പെടുത്തി. വണ്ടുംതറ വടക്കുംമുറി കട്കത്തൊടി അബ്ബാസ് (50) ആണ് മരിച്ചത്. പുലര്‍ച്ചെ വീട്ടില്‍ എത്തിയ ആള്‍ വാതിലില്‍ മുട്ടി വിളിച്ചു. അബ്ബാസ് പുറത്ത് ഇറങ്ങിയപ്പോള്‍ കറിക്കത്തി ഉപയോഗിച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നു. ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പ്രതി നെല്ലായ കുണ്ടില്‍ വീട്ടില്‍ മുഹമ്മദ് അലി (40)യെ കൊപ്പം എസ്‌ഐ എം.ബി രാജേഷ് പിടികൂടി.
അബ്ബാസ് വിവാഹ ബ്രോക്കര്‍ ആയിരുന്നു. ഇയാള്‍ മുഹമ്മദ് അലിയ്ക്ക് വിവാഹം ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞ് പല തവണ പണം വാങ്ങി പറ്റിച്ചു. ഇതിലുണ്ടായ പകയെത്തുടര്‍ന്നാണ് മുഹമ്മദ് അലി അബ്ബാസിനെ കുത്തികൊലപ്പെടുത്തിയത് എന്ന് പോലീസ് പറയുന്നു. ഇന്ന് രാവിലെ പണം തിരികെ വാങ്ങാനെന്ന് പറഞ്ഞ് നെല്ലായ മഞ്ചക്കലില്‍ നിന്ന് ഓട്ടോ വിളിച്ച് വണ്ടുംതറ വടക്കുംമുറിയില്‍ എത്തിയ പ്രതി വീട്ടില്‍ കയറി അബ്ബാസിനെ വിളിച്ചിറക്കി കുത്തികൊലപ്പെടുത്തി. മുഹമ്മദ് അലിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അബ്ബാസിന്റെ മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.