കൊല്‍ക്കത്ത : കാറിന്റെ ഡിക്കിയില്‍ പച്ചക്കറി ചാക്കില്‍ പൊതിഞ്ഞ നിലയില്‍ അറുപതുകാരിയുടെ മൃതദേഹം. കൊല്‍ക്കത്ത സ്വദേശിനിയായ സുജാമണി ഗയെന്‍ എന്ന സ്ത്രീയുടെ മൃതദേഹം വാഹന പരിശോധനയ്ക്കിടെയാണ് പോലീസ് കണ്ടെടുക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നിരവധി പോലീസ് ചെക്ക് പോയിന്‍റുകള്‍ കടന്നെത്തിയ വാഹനം ചൗബാഗ മേഖലയില്‍ വെച്ച് പോലീസ് തടഞ്ഞു പരിശോധന നടത്തിയിരുന്നു. ഇവിടെ വെച്ചാണ് ഡിക്കിക്കുള്ളില്‍ പച്ചക്കറികള്‍ക്കൊപ്പം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സുജാമണിയുടെ മൃതദേഹം കണ്ടെടുത്തത്.
മൃതദേഹം വൈകാതെ തന്നെ തിരിച്ചറിഞ്ഞ പോലീസ്, കുടുംബപ്രശ്നങ്ങള്‍ കാരണം മരുമകള്‍ ഉള്‍പ്പെടെ നാല് പേര്‍ ചേര്‍ന്നാണ് ഇവരെ കൊലപ്പെടുത്തിയതെന്നും കണ്ടെത്തി. കൊല്‍ക്കത്ത ഹര്‍ദേവ്പുര്‍ സ്വദേശിനിയായ സുജാമണി ഇവിടെ കാലിഘട്ട് ക്ഷേത്രത്തിന് മുമ്പില്‍ പൂവില്‍പ്പന നടത്തിവരികയായിരുന്നു. മരുമകളായ സുജാതയുമായി ഇവര്‍ നല്ല ബന്ധത്തിലായിരുന്നില്ല. ഇക്കഴിഞ്ഞ വ്യാഴാഴ്ച സുജാതയുടെ അമ്മ മലീന മൊണ്ഡാലും അവരുടെ പങ്കാളിയും ചേര്‍ന്ന് സുജാമണിയെ പ്രഗതി മൈതാനിലുള്ള ഇവരുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇതിനു ശേഷം ഭക്ഷണത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് മയക്കിയ ശേഷം മര്‍ദ്ദിച്ചും കഴുത്തു ഞെരിച്ചും കൊന്നു എന്നാണ് പോലീസ് പറയുന്നത്.
കൃത്യം നടത്തിയ ശേഷം മൃതദേഹം പച്ചക്കറികള്‍ക്കൊപ്പം ഒരു ചാക്കിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ടാക്സി വിളിച്ച ശേഷം മൃതദേഹം ഡിക്കിക്കുള്ളിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ പോലീസ് പിടികൂടുകയായിരുന്നു. സുജാമണിയുടെ മരുമകള്‍ സുജാത, അമ്മ മലീന, പങ്കാളി രാജേഷ്, അമ്മാവന്‍ ബസു മൊണ്ടാല്‍ എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നുവെന്നുവെന്നും പോലീസ് അറിയിച്ചു.